ന്യൂഡൽഹി: സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി പഞ്ച്കുളയിലെ വാത്മീകി ക്ഷേത്രത്തിൽ ദർശനം നടത്തി ഹരിയാന നിയുക്ത മുഖ്യമന്ത്രി നയാബ് സിംഗ് സൈനി. മഹർഷി വാത്മീകിയുടെ ജന്മവാർഷിക ദിനത്തിൽ സത്യപ്രതിജ്ഞ നടക്കുന്നുവെന്നത് തന്റെ ഭാഗ്യമാണെന്നും, തിന്മയ്‌ക്കെതിരായി പ്രവർത്തിച്ചുകൊണ്ടുള്ള സന്ദേശമാണ് മഹർഷി സമൂഹത്തിനായി കൈമാറിയതെന്നും നയാബ് സൈനി പറയുന്നു.
വാത്മീകി മഹർഷിയുടെ പാദങ്ങളിൽ ആരാധന നടത്താൻ അവസരം ലഭിച്ചത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്നും, അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും ആശംസകൾ നേരുന്നതായും നയാബ് സിംഗ് സൈനി പറഞ്ഞു. ബിജെപി സർക്കാർ ഹരിയാനയെ കൂടുതൽ വികസനത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
” ഹരിയാനയിലെ ജനങ്ങൾക്ക് എല്ലാം നന്ദി പറയുകയാണ്. ഡബിൾ എഞ്ചിൻ സർക്കാരിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ചേർന്ന് ഹരിയാനയെ അതിവേഗം വികസനത്തിലേക്ക് നയിക്കുന്നതിനായി പ്രയത്‌നിക്കും. ബിജെപിയിൽ വലിയൊരു ശതമാനം ആളുകൾ വിശ്വാസമർപ്പിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കിയ നയങ്ങളുടെ ഭാഗമായിട്ടാണ്. ബിജെപിയിലെ മുതിർന്ന നേതാക്കളും, എൻഡിഎ കക്ഷി നേതാക്കളും തന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും എന്നത് അഭിമാനകരമാണെന്നും” നയാബ് സിംഗ് സൈനി കൂട്ടിച്ചേർത്തു.
ചരിത്ര നിമിഷത്തിനാണ് ഹരിയാന സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് ഹരിയാന ബിജെപി അദ്ധ്യക്ഷൻ മോഹൻ ലാൽ ബദോലി പറഞ്ഞു. ” പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിൽ, ഹരിയാനയിൽ മൂന്നാം വട്ടവും ബിജെപി സർക്കാർ അധികാരത്തിൽ എത്താൻ പോവുകയാണ്. നയാബ് സിംഗ് സൈനി രണ്ടാം വട്ടമാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. കേന്ദ്രമന്ത്രിമാർ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, എൻഡിഎ നേതാക്കൾ തുടങ്ങിയവർ ഇതിൽ പങ്കെടുക്കും. മഹർഷി വാത്മീകിയുടെ ജന്മദിനത്തിലാണ് സത്യപ്രതിജ്ഞ നടക്കുന്നത് എന്നത് ചടങ്ങിനെ വിശിഷ്ടമാക്കുന്നുവെന്നും” ബദോലി പറയുന്നു.
പഞ്ച്കുളയിലെ ദസറ ഗ്രൗണ്ടിൽ രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നത്. ഗവർണർ ബന്ദാരു ദത്താത്രേയ സത്യവാചകം ചൊല്ലിക്കൊടുക്കും. പരിപാടിക്ക് മുന്നോടിയായി പഞ്ച്കുളയിൽ വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മേഖലയിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. 90 അംഗ നിയമസഭയിൽ 48 സീറ്റുകൾ നേടിയാണ് ബിജെപി മൂന്നാം വട്ടം അധികാരത്തിലെത്തിയത്. സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം ചണ്ഡീഗഡിൽ നടക്കുന്ന എൻഡിഎ യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. വൈകിട്ട് മൂന്ന് മുതൽ അഞ്ച് വരെയാണ് യോഗം.