തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നവീൻ ബാബുവിന്റെ മരണത്തിന് കാരണമായത് ദിവ്യയുടെ സ്വാർത്ഥതയും അഹങ്കാരവും പണക്കൊതിയുമാണെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. നവീൻ ബാബുവിന്റെ സംസ്കാര ചടങ്ങുകൾക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“കേസന്വേഷണം അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുമെന്ന് ഉറപ്പാണ്. സിപിഎം നേതൃത്വം നവീൻ ബാബുവിനെ അപകീർത്തിപ്പെടുത്താനും ദിവ്യയ്ക്ക് സംരക്ഷണ കവചം ഒരുക്കാനും ശ്രമിക്കുന്നു. ഈ സാഹചര്യത്തിൽ സിറ്റിംഗ് ജഡ്ജി അന്വേഷണത്തിന് മേൽനോട്ടം വഹിക്കണം. ദിവ്യയുടെ പേരിൽ കേസെടുക്കാനുള്ള തീരുമാനം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണ്. ദിവ്യയെ സംരക്ഷിക്കാനുള്ള സിപിഎമ്മിന്റെ നീക്കത്തിലൂടെ അന്വേഷണത്തിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു.
സർക്കാർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള സിപിഎമ്മിന്റെ നീക്കങ്ങളാണ് ഇപ്പോഴത്തെ സംഭവത്തിലൂടെ പുറത്തു വന്നിരിക്കുന്നത്. സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് പിണറായി ഭരണത്തിന്റെ കീഴിൽ പ്രവർത്തിക്കാനാവാത്ത സാഹചര്യമാണുള്ളത്. നവീൻ ബാബുവിനെ അപകീർത്തിപ്പെടുത്താനുള്ള നീക്കം സിപിഎം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
“നിഷ്കളങ്കനും സത്യസന്ധനും വിനയാന്വിതനുമായ ഒരു സർക്കാരുദ്യോഗസ്ഥനെ, ഒരു കുടുംബനാഥനെ കൊന്നുകളഞ്ഞവർക്ക് ആയിരം തവണ ഗംഗയിൽ മുങ്ങിയാലും പാപം കഴുകിക്കളയാനാവില്ല. സ്വാർത്ഥതയും അഹങ്കാരവും പണക്കൊതിയുമാണ് ഇതിന് പിന്നിൽ. കുറ്റം ചെയ്തവർ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടണം. അതിനായി ഏതറ്റംവരെയും കേരളം പോകണം. സർക്കാരും പൊലീസും നീതിപീഠവും അതിന് മുൻകൈയെടുക്കണം. നീതി ലഭ്യമാക്കാൻ ആ കുടുംബത്തോടൊപ്പം അവസാന നിമിഷം വരെ ഞങ്ങളുണ്ടാവും”- കെ സുരേന്ദ്രൻ വ്യക്തമാക്കി.