മനാമ: കെ.എം.സി.സി ബഹ്റൈൻ സ്പോർട്സ് വിംഗിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഫുട്ബാൾ ടൂർണമെന്റ് ഒക്ടോബർ 16 മുതൽ 18 വരെ സിഞ്ച് അൽ അഹ് ലി സ്റ്റേഡിയത്തിൽ നടക്കുമെന്ന് കെ.എം.സി.സി ഓഫിസിൽ നടന്ന വാർത്തസമ്മേളനത്തിൽ സംഘാടകർ അറിയിച്ചു. പ്രവാസികളുടെ കായികക്ഷമത വർധിപ്പിക്കുക, മാനസിക സംഘർഷം കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.എം.സി.സി സ്പോർട്സ് വിംഗ് പ്രവർത്തിക്കുന്നത്.
ബഹ്റൈനിലെ പ്രഫഷനൽ കാറ്റഗറിയിലുള്ള എട്ട് ടീമുകൾ അണിനിരക്കുന്ന ടൂർണമെന്റിൽ പ്രശസ്ത ക്ലബുകളായ കെ.എം.സി.സി എഫ്.സി, യുവ കേരള എഫ്.സി, അൽ കേരള വി എഫ്.സി, ഗ്രോ എഫ്.സി , അൽ മിനാർ എഫ്.സി , സ്പോർട്ടിങ് എഫ്.സി, ഗോസി എഫ്.സി, മറീന എഫ്.സി തുടങ്ങിയ പ്രബല ടീമുകൾ അണിനിരക്കും.
പ്രവാസി മേഖലയിൽ ആരോഗ്യ സംരക്ഷണത്തിനും മാനസികോല്ലാസത്തിനും പ്രാധാന്യം നൽകി 40 വയസ്സിനു മുകളിലുള്ളവരുടെ കാറ്റഗറിയിലുള്ള ടൂർണമെന്റും സംഘടിപ്പിക്കും. കുടുംബങ്ങൾക്കായി ഒപ്പന, മുട്ടിപ്പാട്ട്, കലാപരിപാടികൾക്ക് പുറമെ കുട്ടികൾക്കായുള്ള പ്ലേയിംഗ് ഏരിയകളും സജ്ജീകരിക്കും.
വാർത്തസമ്മേളനത്തിൽ കെ.എം.സി.സി ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളിക്കുളങ്ങര, സ്പോർട്സ് വിങ് ചെയർമാൻ റിയാസ് വയനാട്, കൺവീനർ അഷ്കർ വടകര, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഇർഷാദ് തന്നട, വൈസ് ചെയർമാൻ, ഫൈസൽ ഇസ്മായിൽ, ടീം മാനേജർ സാദിഖ് മഠത്തിൽ, ടീം കോച്ച് നൗഫൽ , പ്രോഗ്രാം കമ്മിറ്റി വൈസ് ചെയർമാൻ ഷമീർ എം.എ, ട്രഷറർ ഷഫീഖ് ആർ.വി , സ്പോർട്സ് വിങ് ഭാരവാഹികളായ റഫീഖ് നാദാപുരം, ഖാൻ സാഹിബ് അസസ്കോ , ഷാഫി, നസീബ് കൊച്ചിക്കാരൻ , നസീം തെന്നട, ടൂർണമെന്റ് സ്പോൺസർ ഓപ്പോ റീജനൽ മാനേജർ ബദർ സാഹിബ് തുടങ്ങിയവർ പങ്കെടുത്തു.











