ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് ഇന്റർനാഷണൽ ക്രൈം ട്രിബ്യൂണൽ (ഐസിടി). ഹസീനയ്‌ക്ക് പുറമെ മുൻ മന്ത്രിമാർ ഉൾപ്പെടെ 45 അവാമി ലീഗ് നേതാക്കൾക്കെതിരെയും അറസ്റ്റ് വാറന്റുണ്ട്. ജൂലൈ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ മനുഷ്യത്വത്തിനെതിരെ നടന്ന കുറ്റകൃത്യങ്ങളെ തുടർന്നാണ് വാറന്റ്.
ഐസിടി ചെയർമാൻ ജസ്റ്റിസ് ഗോലം മൊർദുസ മജുംദാറാണ് വാറന്റ് പാസാക്കിയത്. ഹസീനയ്‌ക്കും നേതാക്കൾക്കുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ചീഫ് പ്രൊസിക്യൂട്ടർ മുഹമ്മദ് താജുൽ ഇസ്ലാം അറിയിച്ചു.
മുൻ മന്ത്രിമാരായ ഉബൈദുൾ ക്വാദർ, അസദുസ്സമാൻ ഖാൻ കമൽ, ഹസൻ മുഹമ്മദ്, അനിസുൾ ഹഖ് എന്നിവരാണ് അറസ്റ്റ് വാറന്റിൽ ഉൾപ്പെട്ട മറ്റ് മന്ത്രിമാർ. ഹസീനയ്‌ക്കും പാർട്ടി പ്രവർത്തകർക്കുമെതിരെ 60 ഓളം പരാതികൾ ലഭിച്ചിരുന്നതായി ഐസിടി അന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. ബംഗ്ലാദേശിലെ ജനങ്ങൾക്കെതിരെ ആക്രമണങ്ങൾ അഴിച്ചുവിട്ടുവെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതികളാണ് ഹസീനയ്‌ക്കെതിരായുള്ളത്. ഇതേത്തുടർന്ന് ഹസീനയ്‌ക്കെതിരെ കേസെടുത്തതായും അറസ്റ്റ് വാറന്റ് പുറത്തുവിട്ടതായും അധികൃതർ അറിയിച്ചു.
അതേസമയം ബംഗ്ലാദേശിനെ മറ്റൊരു പാകിസ്താനാക്കാനുള്ള ശ്രമങ്ങളാണ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ നടത്തുന്നത്. രാജ്യത്തിന്റെ വിമോചന സമരവുമായി ബന്ധപ്പെട്ട എട്ട് ദേശീയ അവധികൾ റദ്ദാക്കാൻ യൂനസ് സർക്കാർ ഉത്തരവിട്ടിരുന്നു. ബംഗ്ലാദേശ് സ്ഥാപകനും ഷെയ്ഖ് ഹസീനയുടെ പിതാവുമായ ബംഗബന്ധു ഷെയ്ഖ് മുജീബുർ റഹ്‌മാന്റെ കൊലപാതകത്തെ അനുസ്മരിച്ച് ആഗസ്റ്റ് 15-ന് നൽകിയിരുന്ന ദേശീയ അവധിയും റദ്ദാക്കി.