തിരുവനന്തപുരം: തൃശൂർ പൂരം അട്ടിമറി ആരോപണത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. ലോക്കൽ പൊലീസ്, സൈബർ ഡിവിഷൻ, വിജിലൻസ് ഉദ്യാേഗസ്ഥരെ ഉൾപ്പെടുത്തിയാണ് പ്രത്യേക സംഘം രൂപീകരിച്ചിരിക്കുന്നത്.
കൊല്ലം റൂറൽ എസി. പി. സാബു മാത്യു, കൊച്ചി എസി. പി. പി രാജ്കുമാർ, തൃശൂർ റെയ്ഞ്ച് ഡിഐജി തോംസൺ ജോസ്, വിജിലൻസ് ഡിവൈഎസ്പി ബിജു വി നായർ എന്നിവരും ഇൻസ്പെക്ടർമാരായ ചിത്തരഞ്ചൻ, ആർ ജയകുമാർ എന്നിവരെയും പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിജിപിയുടെ നിർദേശ പ്രകാരം ഈ മാസം മൂന്നിനാണ് ത്രിതല അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം ശബരിമല ഡ്യൂട്ടിയിൽ നിന്ന് എഡിജിപി അജിത് കുമാറിനെ മാറ്റിയിരുന്നു. മണ്ഡല ഉത്സവത്തിന്റെ കോഡിനേറ്റൻ സ്ഥാനത്ത് നിന്ന് അജിത് കുമാറിനെ മാറ്റി, പകരം പൊലീസ് ആസ്ഥാനത്തെ എഡിജിപി ശ്രീജിത്തിനാണ് ചുമതല നൽകിയത്. ശബരിമല കോഡിനേറ്റർ സ്ഥാനത്ത് നിന്ന് അജിത് കുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോർഡ് ആഭ്യന്തരവകുപ്പിന് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.