തിരുവനന്തപുരം : മരണമടഞ്ഞ എ ഡി എം നവീൻ ബാബുവിന് ക്‌ളീൻ ചിറ്റ് നൽകി റവന്യു മന്ത്രി കെ രാജൻ.
“നവീൻ ബാബുവിനെ കുറിച്ച് അദ്ദേഹത്തിന്റെ പ്രവർത്തന പഥത്തിൽ ഒരു പരാതിയും ഉയർന്നിട്ടില്ല. അതേ നിലപാടിൽ താൻ ഉറച്ചു നിൽക്കുകയാണ്.നവീൻ ബാബുവിനെ അധിക്ഷേപിച്ചതിൽ കളക്ടർക്ക് പങ്കുണ്ടോ എന്നത് റിപ്പോർട്ട് വന്നശേഷം നോക്കും
ആരെങ്കിലും കളക്ടർക്കെതിരെ പരാതി തന്നാൽ പരിശോധിക്കും എന്നും നവീൻ ബാബുവിന്റെ കുടുംബത്തെ ഒറ്റപ്പെടുത്തില്ല എന്നും അദ്ദേഹം പറഞ്ഞു. നവീൻ ബാബുവിന്റെ കുടുംബത്തെ ചേർത്തു നിർത്തും, അദ്ദേഹത്തിന്റെ മകൾക്ക് ജോലി നൽകുന്ന കാര്യം സർക്കാർ പരിശോധിക്കുമെന്നും” രാജൻ പറഞ്ഞു.
നവീൻ ബാബുവിനെതിരേ വാക്കാൽപോലും പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് റവന്യുവകുപ്പ് മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു . മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെൽ വഴിയോ മറ്റ് ഔദ്യോഗിക മാർഗങ്ങളിലൂടെയോ പരാതി ലഭിച്ചിട്ടില്ലെന്നുമാണ് റവന്യു വകുപ്പിന്റെ നിലപാട്.
മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലിൽ ഓൺലൈനായി ലഭിക്കുന്ന പരാതികൾ ഉടൻ തന്നെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയാണ് രീതി. ഇതിൽ രണ്ടാഴ്ചയ്‌ക്കകം തീരുമാനമെടുത്ത് പരാതിക്കാരനെ അറിയിക്കണമെന്നാണ് നിർദേശം. ഇത്തരത്തിൽ നവീനെതിരേ ലഭിച്ച പരാതികളൊന്നും മുഖ്യമന്ത്രിയുടെ ഓഫീസ് തങ്ങൾക്ക് കൈമാറിയിട്ടില്ലെന്നും റവന്യുവകുപ്പ് ആവർത്തിക്കുന്നുണ്ട്.















