വിളിക്കാത്ത പരിപാടിക്ക് വലിഞ്ഞുകയറി ചെന്ന് വാതോരാതെ പറഞ്ഞ് ഒരാളെ മാനസികമായി ബുദ്ധിമുട്ടിച്ചയാളാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പിപി ദിവ്യ. സൈബറിടത്തിൽ സിപിഎമ്മിനെതിരെയും ദിവ്യക്കെതിരെയും പ്രതിഷേധവും വാക്പോരും പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് ദിവ്യക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പായ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തുന്നത്. പിന്നാലെ ഒളിസങ്കേതത്തിലിരുന്ന് പിപി ദിവ്യ തലശേരിയിലെ ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷയും നൽകി.
വീട്ടിൽ രോഗിയായ അച്ഛൻ, അമ്മ, മകൾ, ഭർത്താവ് എന്നിവരുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും പിപി ദിവ്യ ജാമ്യപേക്ഷയിൽ പറയുന്നു. എഡിഎമ്മിനെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല. ഓരോ ഫയലും ഓരോ ജീവിതമാണെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായവും ദിവ്യ ജാമ്യാപേക്ഷയിൽ പറയുന്നുണ്ട്. കളക്ടർ വിളിച്ചിട്ടാണ് പരിപാടിക്കെത്തിയതെന്നാണ് സിപിഎം നോതാവ് അപേക്ഷയിൽ പറയുന്നത്.
നവീൻ ബാബുവിനെതിരെ വീണ്ടും ആരോപണങ്ങൾ ഉന്നയിക്കാനും സിപിഎം നേതാവ് മറന്നില്ല. ഫയലുകൾ വച്ചു താമസിപ്പിക്കുന്ന പരാതി നവീൻ ബാബുവിനെതിരെ നേരത്തെയും ഉയർന്നിരുന്നവെന്നും പ്രശാന്തന് പുറമേ ഗംഗാധരൻ എന്നൊരാളും എഡിഎമ്മിനെതിരെ തന്നോട് പാരതിപ്പെട്ടിരുന്നുവെന്നു. ഈ പരാതികളുടെ അടിസ്ഥാനത്തിൽ ഫയൽ നീക്കം വേഗത്തിലാക്കണമെന്ന സദുദ്ദേശം മാത്രമായിരുന്നു തനിക്കെന്നും ദിവ്യ ജാമ്യാപേക്ഷയിൽ പറയുന്നുണ്ട്. പിന്നാലെ പിപി ദിവ്യയുടെ പോസ്റ്റിൽ കമൻ്റ് മഴയാണ്.
വിരമിച്ച ശേഷമുള്ള ശിഷ്ടകാലത്തെങ്കിലും അച്ഛനെ മുഴുസമയം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മക്കളുടെ കണ്ണുനീരിന് ആര് സമാധാനം പറയുമെന്നും രണ്ട് കുട്ടികളുടെ അച്ഛനെ ഇല്ലാതാക്കിയിട്ടാണോ ജാമ്യം വേണമെന്ന് പറയുന്നത് എന്നൊക്കെയാണ് കമൻ്റായി വരുന്നത്. ജനങ്ങൾ രോഷവും വിഷമവും പ്രതിഷേധവും പോസ്റ്റിൽ രേഖപ്പെടുത്തുകയാണ്.
താൻ വിളിച്ചിട്ടില്ലെന്നും പരിപാടിയുടെ സംഘടകൻ താനല്ലെന്നുമാണ് കണ്ണൂർ കളക്ടറുടെ വിശദീകരണം. ആര് വിളിച്ചു, എന്തിന് വിളിച്ചു, എന്തിന്റെ അടിസ്ഥാനത്തിൽ ആരോപണം ഉന്നയിച്ചു, രണ്ട് ദിവസം കഴിഞ്ഞ് പുറത്തുവിടുമെന്ന പറഞ്ഞ സസ്പെൻസ് എന്ത്.. ഇതൊക്കെയുള്ള ഉത്തരം ഇനിയും പുറത്തുവരേണ്ടതുണ്ട്. നവീൻ ബാബുവിന്റെ മരണത്തിൽ അടിമൂടി ദൂരുഹതയാണുള്ളത്.
എഡിഎമ്മിനെതിരെ പരാതി ഉന്നയിച്ച പരാതിക്കാരൻ രണ്ട് പേരിൽ രണ്ട് തരത്തിലാണ് ഒപ്പിട്ടിരിക്കുന്നതെന്നും കണ്ടെത്തിയിരുന്നു. കൈക്കൂലി ആരോപണം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ‘പ്രശാന്തൻ ടിവി’ എന്നാണ് പേര് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പമ്പിനായുള്ള സ്ഥലം പാട്ടക്കരാറിൽ ‘പ്രശാന്ത് ടിവി’ എന്നാണ് പേര് രേഖപ്പെടുത്തിയിരിക്കുന്നത്.















