പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി നിർണയത്തെ തുടർന്ന് കോൺഗ്രസ് വിട്ട സരിന് പിന്നാലെ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബും പാർട്ടിവിട്ടു. വാർത്താ സമ്മേളനത്തിലാണ് പാർട്ടിവിടുന്ന കാര്യം ഷാനിബ് വ്യക്തമാക്കിയത്. കോൺഗ്രസ് നേതാക്കൾ ഇങ്ങനെ പോകുകയാണെങ്കിൽ പാർട്ടിയുടെ അവസ്ഥ പരിതാപകരമാകുമെന്നും ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനമാണിതെന്നും ഷാനിബ് പറഞ്ഞു.
15-ാം മത്തെ വയസ് മുതൽ താൻ കെഎസ് യു പ്രവർത്തകനാണ്. വളരെ ആലോചിച്ച് എടുത്ത തീരുമാനമാണിത്. ഇനിയും ഇങ്ങനെ പോയാൽ പാർട്ടിയുടെ അവസ്ഥ പരിതാപകരമാകും. തുടർച്ചായി പ്രതിപക്ഷത്തിലിരുന്നിട്ടും ഒരു തിരുത്തലിന് പാർട്ടി തയ്യാറാകുന്നില്ല. ആരുടെ തീരുമാനത്തിലാണ് പാലക്കാട് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതെന്ന് മനസിലാകുന്നില്ലെന്നും ഷാനിബ് പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തിൽ പാലക്കാട്ടെ പല കോൺഗ്രസ് നേതാക്കൾക്കും എതിർപ്പുണ്ട്. നിവൃത്തിക്കേട് കൊണ്ടാണ് പലരും മിണ്ടാതെ നിൽക്കുന്നത്. രാഷ്ട്രീയ വഞ്ചനയുടെ കഥയാണ് ഈ പാർട്ടിയിൽ നടക്കുന്നത്. കോൺഗ്രസ് വിജയിക്കണമെന്ന് ആരും ആഗ്രഹിക്കുന്നില്ല. ഷാഫി പറമ്പിലിന് വേണ്ടി യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് രീതി തന്നെ മാറ്റിയിട്ടുണ്ടെന്നും ഷാനിബ് പ്രതികരിച്ചു.