മുംബൈ: എൻസിപി നേതാവും മഹാരാഷ്‌ട്ര മുൻ മന്ത്രിയുമായ ബാബാ സിദ്ദിഖിനെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്ക് ക്വട്ടേഷൻ നൽകിയതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്.
കേസുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവിൽ അറസ്റ്റിലായ അഞ്ച് പേർ, കൊലപാതകത്തിനായി ആദ്യം നിയോഗിക്കപ്പെട്ടവരായിരുന്നു. എന്നാൽ ഇവർ ആവശ്യപ്പെട്ട 50 ലക്ഷം നൽകാൻ ക്വട്ടേഷൻ നൽകിയവർ തയ്യാറായില്ല. തുടർന്ന് കൊലപാതകത്തിൽ നിന്ന് പിന്മാറുകയായിരുന്നുവെന്ന് അറസ്റ്റിലായ അഞ്ച് പേർ പൊലീസിന് മൊഴി നൽകി.
പണമിടപാട് സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങൾ കാരണമാണ് കരാറിൽ നിന്ന് പിന്മാറിയത്. കൂടാതെ എൻസിപി നേതാവായ ബാബാ സിദ്ദിഖിന്റെ സ്വാധീനങ്ങളെക്കുറിച്ച് ആലോചിച്ചപ്പോൾ ക്വട്ടേഷൻ വേണ്ടെന്ന് വയ്‌ക്കുകയായിരുന്നുവെന്ന് പ്രതികൾ വെളിപ്പെടുത്തി. ബാബാ സിദ്ദിഖിനെ കൊന്നാൽ അത് തങ്ങളുടെ ക്വട്ടേഷൻ സംഘത്തിന് മറ്റ് പല പ്രശ്നങ്ങളുമുണ്ടാക്കാം. അതിനാലാണ് കരാറുമായി മുന്നോട്ട് പോകാതിരുന്നതെന്ന് അഞ്ചംഗ സംഘം അറിയിച്ചു. എന്നാൽ ഇവർ തന്നെയായിരുന്നു കൊലപാതകികൾക്ക് ആവശ്യമായ ലോജിസ്റ്റിക് പിന്തുണ നൽകിയത്. ആയുധങ്ങൾ കൈമാറിയതിലും ഇവർക്ക് പങ്കുണ്ട്. നിലവിൽ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. മുഖ്യപ്രതികളായ മൂന്ന് പേർ കൂടി ഇനി അറസ്റ്റിലാകാനുണ്ട്.
ഒക്ടോബർ 12ന് രാത്രിയായിരുന്നു 66-കാരനായ സിദ്ദിഖ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ മകനും എംഎൽഎയുമായ സീഷൻ സിദ്ദിഖിന്റെ ഓഫീസിന് പുറത്തുവച്ചായിരുന്നു സംഭവം. മുംബൈയിലെ ബാന്ദ്രയിൽ വച്ചാണ് ആക്രമണം നടന്നത്. പ്രധാന ഷൂട്ടർമാരായ ശിവകുമാർ ഗൗതം, ശുഭം ലോങ്കർ, മുഹമ്മദ് അക്തർ എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. ഇവർക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.















