ടോക്കിയോ: നിലവിൽ നാല് ഭാര്യമാരും രണ്ട് കാമുകിമാരുമുള്ള ഒരു യുവാവ്.. അദ്ദേഹത്തിന്റെ ജീവിതവും ജീവിതാഭിലാഷവുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. നിലവിൽ പത്ത് കുട്ടികളുള്ള ഇയാൾക്ക് സ്വന്തമായി 54 മക്കൾ വേണമെന്നാണ് സ്വപ്നം. തീർന്നില്ല, 36-കാരനായ ഈ ജാപ്പനീസ് യുവാവിന് ‘വിവാഹങ്ങളുടെ ദൈവം’ എന്ന് അറിയപ്പെടണമെന്നാണ് ആഗ്രഹം.
ജപ്പാനിലെ ഹൊക്കൈദോയിൽ താമസിക്കുന്ന റ്യൂതാ വാതനബേ ആണ് ഈ വൈറൽ താരം. സ്വപ്നസാക്ഷാത്കാരത്തിനായി പുതിയ ഭാര്യമാരെ തേടുകയാണ് ആശാൻ ഇപ്പോൾ. മറ്റൊരു പ്രത്യേകത കൂടി കക്ഷിക്കുണ്ട്. കഴിഞ്ഞ പത്ത് വർഷമായി ജോലിക്കൊന്നും പോയിട്ടില്ല. ഭാര്യമാരുടെയും കാമുകിമാരുടെയും വരുമാനമാണ് ഉപജീവനമാർഗം. പങ്കാളികൾ ജോലിക്ക് പോകുമ്പോൾ വീട്ടുകാര്യങ്ങൾ നടത്തുന്നത് യുവാവാണ്. പാചകവും കുട്ടികളെ പരിപാലിക്കലുമൊക്കെയാണ് പണി.
കുറേ ഭാര്യമാരും കുട്ടികളും ഉള്ളതുകൊണ്ട് തന്നെ വലിയ ചെലവേറിയ ജീവിതമാണ് യുവാവിന്റേത്. പ്രതിമാസം 914,000 യെൻ (5.13 ലക്ഷം രൂപ) ആണ് ഈ കുടുംബത്തിന്റെ ചെലവ്. നിറയെ സൗകര്യങ്ങളുള്ള വീട്ടിലാണ് ഇവരുടെ താമസം. ഓരോ പങ്കാളിക്കും പ്രത്യേകം മുറികളുണ്ട്. പങ്കാളികൾ കൂടുതലായതുകൊണ്ട് തന്നെ ഇവരെയെല്ലാം സംതൃപ്തിപ്പെടുത്താൻ പ്രതിവാരം കുറഞ്ഞത് 28 തവണയെങ്കിലും ശാരീരികബന്ധത്തിൽ ഏർപ്പെടേണ്ടി വരാറുണ്ടെന്ന് യുവാവ് പറയുന്നു. ഭാര്യമാരും കാമുകിമാരും ഒരുവീട്ടിലാണ് കഴിയുന്നതെങ്കിലും പരസ്പരം നല്ല ബന്ധത്തിലാണെന്നാണ് ഭർത്താവിന്റെ വാദം.
54 കുട്ടികളുടെ അച്ഛനാകണമെന്ന ആഗ്രഹത്തിന് പിറകിലും ഒരു കാര്യമുണ്ട്. 1841 കാലത്ത് അവരുടെ നാട്ടിൽ 53 പേരുടെ അച്ഛനായ ഒരു വ്യക്തിയുണ്ടായിരുന്നു. ഈ റെക്കോർഡ് തകർക്കുകയാണ് റ്യൂതാ വാതനബേയുടെ ലക്ഷ്യം. അതിനായി 54 പേരുടെ പിതാവാകണം. അങ്ങനെ ചരിത്രത്തിലിടം നേടണം. – യുവാവ് പ്രതീക്ഷയോടെ പങ്കുവച്ചു.