പാലക്കാട്: കേരളത്തിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. വയനാട് ലോക്സഭാ മണ്ഡലത്തിൽ ജനവിധി തേടാൻ നവ്യ ഹരിദാസിനെ തിരഞ്ഞെടുത്തപ്പോൾ പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിനായി ബിജെപി കളത്തിലിറക്കുന്നത് സി. കൃഷ്ണകുമാറിനെയാണ്. ചേലക്കരയിൽ കെ. ബാലകൃഷ്ണനും ജനവിധി തേടും.
ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയതിന് പിന്നാലെയാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരെ ബിജെപി പ്രഖ്യാപിച്ചത്. ബിഹാർ, ഛത്തീസ്ഗഡ്, കർണാടക, അസം, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെയും ഭാരതീയ ജനതാ പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.
പാലക്കാട് സി. കൃഷ്ണകുമാർ മത്സരിക്കുമെന്ന് നേരത്തെ തന്നെ സൂചനകൾ ലഭിച്ചിരുന്നു. കോൺഗ്രസിനായി രാഹുൽ മാങ്കൂട്ടത്തിലും എൽഡിഎഫിനായി ഡോ. പി. സരിനുമാണ് മത്സരിക്കുന്നത്. സ്ഥാനാർത്ഥി നിർണയത്തെ തുടർന്ന് കോൺഗ്രസിൽ വൻ പൊട്ടിത്തെറിയുണ്ടാവുകയും യുവനേതാവായ സരിൻ കോൺഗ്രസ് വിട്ട് ഇടതിനൊപ്പം നിൽക്കുകയുമായിരുന്നു.