ദേശീയ അവാർഡ് ജേതാവായ നടൻ ഋഷഭ് ഷെട്ടി ഇപ്പോൾ ‘കാന്താര ചാപ്റ്റർ 1’ന്റെ തിരക്കിലാണ്. ഇപ്പോഴിതാ ‘ജയ് ഹനുമാൻ പാർട്ട് 2’ൽ ഋഷഭ് അഭിനയിക്കുമെന്നാണ് സൂചന. ജയ് ഹനുമാനിൽ ‘ഹനുമാൻ’ ആയി ഋഷഭ് ഷെട്ടി എത്തുമെന്നാണ് കന്നഡ സിനിമാ മാദ്ധ്യമങ്ങളുടെ റിപ്പോർട്ടുകൾ. പ്രശാന്ത് വർമ്മയുടെ ചിത്രം മൈത്രി മൂവി മേക്കേഴ്‌സ് ആകും നിർമ്മിക്കുക.
ഋഷഭ് ഷെട്ടി ഒരു നടൻ മാത്രമല്ല ഒരു സംവിധായകൻ കൂടിയാണ്. അതുകൊണ്ട് തന്നെ ഏത് വേഷവും കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് കഴിയും. കന്നഡക്കാരനാണെങ്കിലും ഇന്ത്യയിലും ലോകമെമ്പാടും പ്രശസ്തനാണ് കാന്താര താരം . അതുകൊണ്ട് തന്നെയാണ് ഈ വേഷത്തിലേയ്‌ക്ക് ഋഷഭ് ഷെട്ടിയെ തെരഞ്ഞെടുക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. മാത്രമല്ല ബോളിവുഡ് താരങ്ങളും ചിത്രത്തിൽ അണിനിരക്കും.
ഈ വർഷമാദ്യം പുറത്തിറങ്ങിയ ജയ് ഹനുമാൻ 2024-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തെലുങ്ക് ചിത്രമായി മാറി. 300 കോടിയിലധികമായിരുന്നു ചിത്രത്തിന്റെ ബോക്സോഫീസ് കളക്ഷൻ . കാളി ദേവിയെ അടിസ്ഥാനമാക്കി മഹാകാളി എന്ന ചിത്രവും പ്രശാന്ത് വര്‍മ്മ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.