കണ്ണൂർ: എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും മുഖ്യമന്ത്രി തുടരുന്ന മൗനത്തിൽ ദുരൂഹതയുണ്ടെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. മുഖ്യമന്ത്രി മൗനം വെടിഞ്ഞ് പ്രതികരിക്കണം. പൊറാട്ട് നാടകമാണ് സിപിഎം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ മാരാർജി ഭവനിൽ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
” പിപി ദിവ്യയെ രക്ഷിക്കാനുള്ള പൊറാട്ട് നാടകമാണ് സിപിഎം നടത്തുന്നത്. മാർക്‌സിസ്റ്റ് പാർട്ടിയും സർക്കാരും ഇരയോടൊപ്പമല്ല, വേട്ടക്കാരനൊപ്പമാണെന്ന് തെളിയിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി മൗനം വെടിഞ്ഞ് പ്രതികരിക്കണം. ഇപ്പോൾ നടത്തുന്ന അന്വേഷണം വെറും പ്രഹസനമാണെന്ന് ഏതൊരാൾക്കും മനസിലാകും.”- പികെ കൃഷ്ണദാസ് പറഞ്ഞു.
വ്യാജ തെളിവുകൾ ചമച്ചുകൊണ്ട് നടത്തുന്ന അന്വേഷണം സത്യസന്ധനായ ഉദ്യോഗസ്ഥനെ അപകീർത്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. നവീൻ ബാബുവിന്റെ മരണത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തിയാൽ എകെജി സെന്റർ വരെ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാള് കൊണ്ട് മാത്രമല്ല, വാക്കുകൊണ്ടും മനുഷ്യരെ കൊലപ്പെടുത്താൻ സാധിക്കുമെന്ന് പി പി ദിവ്യയിലൂടെ കണ്ണൂരിലെ സിപിഎം കാണിച്ചു തരികയാണ്. ദിവ്യക്ക് മുൻകൂർ ജാമ്യം കിട്ടുന്നതിനായി അറസ്റ്റ് മനപ്പൂർവ്വം വൈകിപ്പിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
നവീൻ ബാബുവിന്റെ മരണത്തിൽ പി പി ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയിരുന്നു. എന്നാൽ പി പി ദിവ്യയുടെ മൊഴിയെടുക്കുന്നതിനോ ചോദ്യം ചെയ്യുന്നതിനോ പൊലീസ് ഇതുവരെയും തയ്യാറായിട്ടില്ല. ഇതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.















