കൊച്ചി: നെടുമ്പാശ്ശേരിയിൽ ഇന്നും രണ്ടു വിമാനങ്ങൾക്ക് ബോംബ് ഭീഷണി. എയർ ഇന്ത്യയുടെ കൊച്ചി- ദമാം, ആകാശ എയറിന്റെ കൊച്ചി- മുംബൈ വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം എത്തിയത്.
എക്സിലൂടെയാണ് ഭീഷണി സന്ദേശം. ഇന്നലെയും നെടുമ്പാശ്ശേരിയിലെ വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി എത്തിയിരുന്നു. സുരക്ഷാ വിഭാഗത്തിൽ സന്ദേശം എത്തിയതിന് മുൻപേ വിമാനങ്ങൾ പുറപ്പെട്ടിരുന്നു. ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിവിധ സ്ഥലങ്ങളിലായി ഇന്ന് 24 വിമാന സർവീസുകൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. കൂടുതൽ ഭീഷണികളും തിരിച്ചറിയാനാകാത്ത സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നായിരുന്നു.
വിമാനങ്ങളിലെ വ്യാജ ബോംബ് ഭീഷണി തുടർക്കഥയായതിന് പിന്നാലെയാണ് നെടുമ്പാശേരിയിൽ നിന്നുളള വിമാനങ്ങൾക്ക് അടുപ്പിച്ച് രണ്ട് ദിവസങ്ങളിൽ ഭീഷണി സന്ദേശം ലഭിക്കുന്നത്. കരിപ്പൂരിൽ നിന്നുളള മൂന്ന് വിമാനങ്ങൾക്ക് നേരെയും ഇന്ന് ഭീഷണിയുണ്ടായി. രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്കും ഇൻഡിഗോ വിമാനത്തിനുമായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്.
ജിദ്ദയിലേക്കും ദോഹയിലേക്കുമുളള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്കായിരുന്നു ഭീഷണി. ഈ വിമാനങ്ങൾ സുരക്ഷിതമായി ലക്ഷ്യസ്ഥാനങ്ങളിൽ ഇറങ്ങിയതായി അധികൃതർ അറിയിച്ചു. ഈ ആഴ്ച മാത്രം നൂറോളം ഇന്ത്യൻ വിമാന സർവ്വീസുകൾക്കാണ് വ്യാജ ബോംബ് ഭീഷണി നേരിട്ടത്. തുടർച്ചയായ വ്യാജ ബോംബ് ഭീഷണികൾ വിമാനകമ്പനികൾക്ക് വലിയ സാമ്പത്തിക ബാദ്ധ്യതയാണ് വരുത്തിവയ്ക്കുന്നത്.