വനിത ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിന് ചരിത്ര കിരീടം. ദക്ഷിണാഫ്രിക്കയെ 32 റൺസിന് കീഴടക്കിയാണ് സോഫി ഡിവൈനിന്റെ നേതൃത്വത്തിലുള്ള കിവീസ് പട അവരുടെ ആദ്യ ലോകകിരീടമാണ് ഇന്ന് ദുബായിൽ ചൂടിയത്. രണ്ടുതവണ (2009, 2010) ഫൈനലിലെത്തിയിട്ടും കിട്ടാക്കനിയായിരുന്നു കിരീടം ആധികാരിക പ്രകടനത്തോടെയാണ് ന്യൂസിലൻഡ് വനിതകൾ നാട്ടിലെത്തിക്കുന്നത്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക കിവീസിനെ ബാറ്റിംഗിന് വിടുകയായിരുന്നു. സൂസി ബേറ്റ്സ്(32) അമേലിയ കെർ(43), ബ്രൂക്ക് ഹള്ളിഡേ(38) എന്നിവരുടെ പ്രകടനം കരുത്തായി. നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 158 എന്ന ഭേദപ്പെട്ട സ്കോറിലെത്താൻ കിവീസിനെത്താനായി.
മറുപടി ബാറ്റിംഗിൽ നല്ല തുടക്കമായിരുന്നു ദക്ഷിണാഫ്രിക്കയ്‌ക്ക്. ലോറ വോൾവാർഡ്റ്റ്-തസ്മിൻ ബ്രിറ്റ്സ് സംഖ്യം 6.5 ഓവറിൽ 51 റൺസ് ചേർത്തു. എന്നാൽ തസ്മിന്റെ വിക്കറ്റ് ജൊനാസ് വീഴ്‌ത്തിയത് മത്സരത്തിൽ വഴിത്തിരിവായി. തൊട്ടുപിന്നാലെ ക്യാപ്റ്റനെ പുറത്താക്കിയ കെർ ദക്ഷിണാഫ്രിക്കയെ ആശങ്കയിലാക്കി. പിന്നീട് അവർക്ക് മത്സരത്തിലേക്ക് തിരികെ വരാനായില്ല. മധ്യനിര ചീട്ടുക്കൊട്ടാരം പോലെ വീഴുന്നതാണ് കണ്ടത്.
മൂന്ന് വിക്കറ്റ് നേടിയ റോസ് മെയ്റും ഓൾറൗണ്ടർ അമേലിയ കെറും ചേർന്നാണ് ദക്ഷിണാഫ്രിക്കയുടെ നട്ടെല്ല് ഊരിയത്. ആദ്യ ലോക കിരീടമെന്ന മോഹം തല്ലിക്കെടുത്തിയതും. അമേലിയ കെർ ആണ് ഫൈനലിലെ താരം. പുരുഷ ക്രിക്കറ്റിൽ ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യക്ക് മുന്നിൽ ദക്ഷിണാഫ്രിക്ക അടിയറവ് പറഞ്ഞിരുന്നു. വീണ്ടും ഒരു ഫൈനൽ തോൽവി ദക്ഷിണാഫ്രിക്കയുടെ ഹൃദയം തകർത്തു.