ന്യൂഡൽഹി: രാജ്യത്ത് നടന്ന പൊതുതെരഞ്ഞെടുപ്പിൽ നേടിയ വിജയം സ്ഥിരതയാർന്ന സർക്കാരിന്റെ സന്ദേശമാണ് നൽകുന്നതെന്നും, അതിനെ ഊട്ടി ഉറപ്പിക്കുന്നതാണ് ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയ വിജയമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. 21ാം നൂറ്റാണ്ട് ഇന്ത്യയുടേതാണെന്നും, രാജ്യം വികസനത്തിന്റെ പാതയിൽ അതിവേഗമാണ് മുന്നേറുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറിയെന്നും, ഇവിടെ നിക്ഷേപം നടത്താൻ ഇന്ന് ലോകരാജ്യങ്ങൾ താത്പര്യം പ്രകടിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
” 21ാം നൂറ്റാണ്ട് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ നമുക്ക് സ്ഥിരത ആവശ്യമാണ്. മൂന്നാം വട്ടവും അധികാരത്തിലെത്തിക്കൊണ്ട് സ്ഥിരതയുടെ സന്ദേശമാണ് നാം നൽകുന്നത്.വികസനം സാധ്യമാകുന്നതിനും, കാലാവസ്ഥാ വ്യതിയാനം, ആഗോള താപനം തുടങ്ങിയ ആശങ്കകൾ പരിഹരിക്കുന്നതിനും ഏതൊരു രാജ്യത്തും സുസ്ഥിരമായ ഭരണം ആവശ്യമാണ്. കാലാവസ്ഥാ വ്യതിയാനം ലോകരാജ്യങ്ങളെല്ലാം നേരിടുന്ന വലിയ പ്രതിസന്ധിയാണ്. ഈ പ്രതിസന്ധിക്കെതിരെ പോരാടാൻ ഇന്ത്യ മുൻകൈ എടുക്കുകയാണ്.
ലോകരാജ്യങ്ങൾക്കിടയിൽ അതിവേഗം വികസനം കൈവരിക്കുന്ന രാജ്യമായി ഇന്ത്യ മുന്നേറിക്കൊണ്ടിരിക്കുകയാണ്. അടിസ്ഥാന സൗകര്യ മേഖലയിലുൾപ്പെടെ രാജ്യം മികച്ച പുരോഗതി കൈവരിച്ചു കഴിഞ്ഞു. ലോകമെമ്പാടുമുള്ള നിക്ഷേപകർ ഇന്ത്യയുടെ വളർച്ച സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ വിപണികളിൽ നിക്ഷേപം നടത്താൻ അവരും വളരെ അധികം താത്പര്യം പ്രകടിപ്പിക്കുകയാണ്.
വികസനത്തിലെ മുന്നേറ്റത്തിന് പുറമെ ആഗോള ശക്തിയായും ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നു. ഇന്ത്യ സംസാരിക്കുമ്പോൾ ലോകം ശ്രദ്ധയോടെ അത് കേൾക്കുകയാണ്. ദാരിദ്ര്യ നിർമാർജനത്തിലേക്ക് എങ്ങനെ നീങ്ങണമെന്നും, വികസനത്തിന്റെ പാതയിലേക്ക് ഏത് രീതിയിൽ സഞ്ചരിക്കണമെന്നും ഇന്ന് ഇന്ത്യയ്‌ക്ക് അറിയാം. ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് ഇന്ന് നമ്മുടെ രാജ്യം. കഴിഞ്ഞ 10 വർഷം കൊണ്ട് രാജ്യം കൈവരിച്ച നേട്ടങ്ങൾ അനവധിയാണ്. നമ്മൾ ഓരോരുത്തരും സ്വപ്‌നം കണ്ട ഇന്ത്യയ്‌ക്ക് വേണ്ടിയാണ് വിശ്രമമില്ലാതെ കഠിനാധ്വാനം ചെയ്യുന്നതെന്നും” പ്രധാനമന്ത്രി പറയുന്നു.