ഒട്ടാവ: വീണ്ടും ഭീഷണിയുമായി ഖലിസ്ഥാൻ ഭീകരർ ഗുർപത്വന്ത് സിംഗ് പന്നൂൻ. നവംബർ 1 മുതൽ 19 വരെ എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യരുതെന്നാണ് പന്നുവിന്റെ ഭീഷണി. എയർ ഇന്ത്യക്കെതിരെ ആക്രമണം നടക്കാൻ സാധ്യതയുള്ള കാലയളവാണിതെന്ന് ഖലിസ്ഥാൻ ഭീകരൻ പറഞ്ഞു. സിഖ് വംശഹത്യയുടെ 40-ാം വാർഷികത്തോടനുബന്ധിച്ചാണ് ആക്രമണത്തിന് പദ്ധതിയിട്ടിരിക്കുന്നതെന്നും പന്നൂൻ കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റെ സ്ഥാപകൻ പന്നുവിന് കാനഡയുടേയും അമേരിക്കയുടെയും പൗരത്വം കൈവശമുണ്ട്. നിലവിൽ കാനഡയിൽ ഒളിവുജീവിതം നയിക്കുകയാണ് ഇയാൾ. കഴിഞ്ഞ വർഷം ഇതേസമയത്ത് സമാനമായ ഭീഷണി പന്നൂൻ ഉയർത്തിയിരുന്നു. നിശ്ചിത കാലയളവിലേക്ക് എയർ ഇന്ത്യ വിമാനത്തിൽ കയറരുതെന്നാണ് തന്റെ ‘അഭ്യുദയകാംക്ഷി’കളോട് പന്നൂൻ അറിയിച്ചത്.
ഇന്ത്യയിൽ വിമാന സർവീസുകൾക്ക് നേരെ കൂട്ട വ്യാജബോംബ് ഭീഷണി ഉയരുന്ന സാഹചര്യത്തിലാണ് പന്നുവിന്റെ പുതിയ ഭീഷണി. കൂടാതെ ഖലിസ്ഥാൻ ഭീകരർക്ക് കാനഡ കുടപിടിക്കുന്നുവെന്ന വിമർശനം ശക്തമാകുന്നതിനിടെയാണ് പന്നുവിന്റെ നീക്കങ്ങൾ. സാധാരണക്കാരായ ജനങ്ങളുടെ ജീവനും ജീവിതത്തിനും ഭീഷണിയുയർത്തുന്ന പന്നുവിനെ പോലുള്ള ഖലിസ്ഥാൻ ഭീകരർക്ക് കനേഡിയൻ ഭരണകൂടവുമായി അടുത്ത ബന്ധമാണുള്ളത്. കഴിഞ്ഞ മൂന്ന് വർഷമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഓഫീസുമായി നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്ന് പന്നൂൻ തന്നെ വെളിപ്പെടുത്തിയിരുന്നു. മതഭീകരവാദികൾക്ക് കനേഡിയൻ സർക്കാർ കീഴടങ്ങിയെന്ന ഇന്ത്യയുടെ വിമർശനത്തെ സാധൂകരിക്കുന്നതായിരുന്നു സിഖ് ഫോർ ജസ്റ്റിസ് സ്ഥാപകന്റെ വെളിപ്പെടുത്തൽ.