രജനികാന്ത്,മഞ്ജുവാര്യർ, അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ തുടങ്ങിയവരെ അണിനിരത്തിയിട്ടും വേട്ടയ്യൻ ബോക്സോഫീസിൽ തളർന്നുവെന്നാണ് റിപ്പോർട്ടുകൾ. ടിജി ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രത്തിന് ആദ്യ ദിവസം മുതലെ സമ്മിശ്ര പ്രതികരണമായിരുന്നു ആഗോളതലത്തിൽ ലഭിച്ചത്. ആക്ഷൻ ഡ്രാമ ജോണറിലെത്തിയ ചിത്രം ലൈക്ക പ്രൊഡക്ഷൻസാണ് നിർമിച്ചത്. മുന്നൂറ് കോടിയായിരുന്നു മുതൽ മുടക്കെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ രജനികാന്തിന്റെ പ്രതിഫലം മാത്രം 120 കോടി രൂപയെന്നാണ് സൂചന. രജനികാന്തിന്റെ സ്റ്റാർഡത്തിന് ഇടിവുണ്ടായതും യുവതാരങ്ങളുടെ കടന്നുവരവും സിനിമയുടെ കളക്ഷനെ ബാധിച്ചിട്ടുണ്ട്. കോപ്പിയടിയെന്ന് ആരോപണമുയർന്ന അനിരുദ്ധിന്റെ സംഗീതവും ചിത്രത്തെ തുണച്ചില്ല.മോശം തിരക്കഥയും ചിത്രത്തിനെ പിന്നോട്ടടിച്ചു.
ഓക്ടോബർ പത്തിന് തിയേറ്ററിലെത്തിയ ചിത്രം ഇതുവരെ ആഗോളതലത്തിൽ നേടിയത് 235.25 കോടി രുപ മാത്രമാണ്. സാക്നിൽക് റിപ്പോർട്ട് പ്രകാരം രജനി ചിത്രം പരാജയമെന്നാണ് വ്യക്തമാക്കുന്നത്. ഇന്ത്യയിൽ നിന്ന് നേടിയ ഗ്രോസ് കളക്ഷൻ 157.25 കോടിയാണ്. ഓവർസീസിൽ നിന്ന് 78 കോടിയും നേടിയ ചിത്രം മുടക്കുമുതൽ ഇതുവരെ തിരികെ പിടിച്ചിട്ടില്ല. തിയേറ്റർ റൺ ഏറെക്കുറെ പൂർത്തിയാക്കിയ നിലയിലുമാണ്.
12-ാം ദിവസമായ ഇന്ന് ചിത്രത്തിന് ലഭിച്ചത് 1.29 കോടിയാണ്. ആദ്യ നാല് ദിവസത്തിന് പിന്നാലെ ചിത്രത്തിന്റെ കളക്ഷനിൽ വലിയൊരു ഇടിവാണ് ദിനംപ്രതി രേഖപ്പെടുത്തിയത്. രജനിയുമായി കൈകോർത്തപ്പോഴെല്ലാം ലൈക്കാ പ്രൊഡക്ഷൻസിന് കൈ പൊള്ളി. ഐശ്വര്യ സംവിധാനം ചെയ്ത ലാൽ സലാം, എ.ആർ മുരഗദോസിന്റെ ദർബാർ എന്നിവയെല്ലാം ദുരന്തമായിരുന്നു. ഷങ്കറിന്റെ 2.0യ്‌ക്ക് മുടക്കുമുതൽ തിരികെ പിടിക്കാനുമായി.















