തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തീവ്രന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറുന്ന സാഹചര്യത്തിലും രണ്ട് ചക്രവാതച്ചുഴികൾ നിലനിൽക്കുന്നതിന്റെ സ്വാധീനഫലത്താലുമാണ് കേരളത്തിൽ മഴ ശക്തമാകുന്നത്. മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇത് ഇന്ന് രാവിലെയോടെ തീവ്രമാകും. 23 ആകുമ്പോഴേക്കും ഇത് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത നിലനിൽക്കുന്നതിനാൽ ഒഡിഷ-പശ്ചിമ ബംഗാൾ തീരത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിന് മുകളിലായും തമിഴ്നാടിന് മുകളിലായും രണ്ട് ചക്രവാതച്ചുഴികൾ സ്ഥിതിചെയ്യുന്നതിനാലാണ് കേരളത്തിൽ മഴയ്‌ക്ക് സാധ്യത പ്രവചിക്കുന്നത്. 25-ാം തിയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകൾക്ക് യെല്ലോ മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് നൽകിയിട്ടുണ്ട്.