ന്യൂഡൽഹി: പതിനാറാമത് ബ്രിക്‌സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലേക്ക് തിരിച്ചു. റഷ്യയിലെ കാസനിലാണ് ഉച്ചകോടി നടക്കുന്നത്. റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിനുമായി ഉൾപ്പെടെ മോദി ഉഭയകക്ഷി ചർച്ചകളും നടത്തും. യുക്രെയ്‌നിലെ സംഘർഷം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തുടർ ചർച്ചകളും പുടിനുമായുളള കൂടിക്കാഴ്ചയിൽ വിഷയമായേക്കുമെന്നാണ് സൂചന. ഗാസ സംഘർഷം ഉൾപ്പെടെ ഉച്ചകോടിയിൽ ചർച്ചയായേക്കുമെന്നാണ് പ്രതീക്ഷ.
നേരത്തെ യുക്രെയ്ൻ പ്രസിഡന്റ് വ്‌ലോഡിമിർ സെലൻസ്‌കിയുമായും പ്രധാനമന്ത്രിയും കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും ചർച്ചകൾ നടത്തിയിരുന്നു. യുക്രെയ്‌ന്റെ നിലപാടും പുടിനുമായുളള അനൗദ്യോഗിക ചർച്ചകളിൽ മോദി ധരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. സന്ദർശനം റഷ്യയുമായുളള ഇന്ത്യയുടെ സവിശേഷ ബന്ധം ഒന്നുകൂടി ഊട്ടിയുറപ്പിക്കുമെന്ന് പ്രധാനമന്ത്രി യാത്രതിരിക്കും മുൻപ് പ്രസ്താവനയിൽ വ്യക്തമാക്കി.
ലോകരാജ്യങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ചകൾക്കും സംവാദത്തിനും അവസരമൊരുക്കുന്ന ബ്രിക്‌സ് കൂട്ടായ്മയുമായുളള സഹകരണത്തെ ഇന്ത്യ ഏറെ വിലമതിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പ്രസ്താവനയിൽ പറഞ്ഞു. യുപിഐ ഉൾപ്പെടെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറുകളിൽ ഇന്ത്യ കൈവരിച്ച മുന്നേറ്റവും രാജ്യത്ത് നടക്കുന്ന വനിതാശാക്തീകരണവും ഉൾപ്പെടെ ബ്രിക്‌സ് രാജ്യങ്ങളുമായി പങ്കുവെയ്‌ക്കുമെന്ന് റഷ്യയിലെ ഇന്ത്യൻ അംബാസഡർ വിനയ് കുമാർ വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനവും സാമ്പത്തിക- വ്യാപാര സഹകരണവും ഉൾപ്പെടെ വിഷയമാകും.
2030 ഓടെ ഇന്ത്യയും റഷ്യയുമായുളള വ്യാപാരം 100 ബില്യൻ ഡോളറിലെത്തിക്കാനുളള ശ്രമങ്ങൾ നടക്കുകയാണ്. ഇതിന്റെ ഭാഗമായുളള തുടർ നടപടികൾ ചർച്ച ചെയ്യാൻ നവംബറിൽ ഇന്ത്യ- റഷ്യ ഇന്റർ ഗവൺമെന്റൽ കമ്മീഷനും യോഗം ചേരുന്നുണ്ട്. ഇതിന് മുന്നോടിയായിട്ടുളള കൂടിക്കാഴ്ചയാണ് പുടിനും പ്രധാനമന്ത്രി നരേന്ദ്രമോദിയും നടത്തുക.
ഇരുരാജ്യങ്ങളും സാംസ്‌കാരിക തലത്തിലുളള സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതും ചർച്ചയാകും. ഇന്ത്യൻ സിനിമകൾക്ക് റഷ്യയിലുളള സ്വീകാര്യതയെക്കുറിച്ച് പുടിൻ അടുത്തിടെ പ്രകീർത്തിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം ശക്തമാക്കുന്നതിൽ സാംസ്‌കാരിക സഹകരണത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് വിനയ് കുമാർ പറഞ്ഞു.
ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും പലസ്തീൻ നേതാവ് മെഹ്‌മൂദ് അബ്ബാസും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ഗാസയിലും ഇറാനിലും മറ്റും ഹമാസ് ഭീകരർക്കെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ ഉച്ചകോടിയിലെ അന്താരാഷ്‌ട്ര വിഷയങ്ങളുടെ ചർച്ചയിൽ ഇടംപിടിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.