ഭോപ്പാൽ: വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്. മധ്യപ്രദേശിലെ ഷാഹ്‌ദോൾ ജില്ലയിലെ വനപ്രദേശത്താണ് സംഭവം. ഒരു സ്ത്രീക്കും ഡ്യൂട്ടിയിലല്ലാത്ത പൊലീസ് ഉദ്യോഗസ്ഥനും തലയിൽ ഗുരുതരമായി പരിക്കേറ്റു. ഇവർ പുലിയെ അടുത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്നും ആ പ്രകോപനത്തിലായിരുന്നു ആക്രമണമെന്നും ദൃക്‌സാക്ഷികൾ പറയുന്നു.
സൊഹാജിപൂരിലെ നദീ തീരത്തുള്ള ഖിതൗലിയിലാണ് സംഭവം. 50 പേരടങ്ങുന്ന വിനോദ സഞ്ചാരികളുടെ സംഘത്തിന് നേരെ പുള്ളിപ്പുലി കുതിച്ചു ചാടുന്നത് 29 സെക്കന്റ് വീഡിയോയിൽ കാണാം. വീഡിയോയുടെ തുടക്കത്തിൽ കുറ്റിച്ചെടികൾക്കിടയിൽ പതുങ്ങിയിരുന്ന പുള്ളിപ്പുലിയെ സംഘത്തിലുള്ള ആളുകൾ തങ്ങളുടെ അടുത്തേക്ക് ക്ഷണിക്കുന്നുണ്ട്. കൂട്ടത്തിൽ ഒരാൾ തമാശയ്‌ക്ക് പുലിയെ അടുത്തേക്ക് വരാൻ കൈകാട്ടി വിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ഞൊടിയിടയിൽ പുള്ളിപ്പുലി സഞ്ചാരികളുടെ കൂട്ടത്തിലേക്ക് പാഞ്ഞുകയറി. ആളുകളുടെ പുറത്തേക്ക് ചാടിക്കയറി അവരെ ആക്രമിക്കാൻ തുടങ്ങി. ഷാഹ്‌ദോൾ പൊലീസിലെ എഎസ്ഐ നിതിൻ സാംദാരി(35), ആകാശ് കുഷ്‌വാഹ (23), നന്ദിനി സിംഗ് (25) എന്നിവരെയാണ് പുലി ആക്രമിച്ചത്. മൂവരും ഷാഹ്‌ദോൾ സ്വദേശികളാണ്. പുലിയുടെ പല്ലും നഖവും ആഴ്ന്നിറങ്ങിയാണ് ഇവർക്ക് പരിക്കേറ്റത്. രക്ഷപ്പെടാനായി ചിന്നിച്ചിതറിയോടുന്നതിനിടയിൽ മറ്റുചിലർക്ക് നിസാര പരിക്കുകളും ഉണ്ടായിട്ടുണ്ട്.