കൊച്ചി: മുഖ്യമന്ത്രിക്കായി വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന് വേണ്ടി കഴിഞ് 9 മാസം ചെലവഴിച്ച തുക 7 കോടി 20 ലക്ഷം രൂപയെന്ന റിപ്പോർട്ടിൽ പ്രതികരിച്ച് ബിജെപി നേതാവ് പി.സി ജോർജ്. ധൂർത്തിനായി വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിൽ കയറി ദുരന്തബാധിത മേഖലയിലേക്ക് ഒന്നുവരാൻ മുഖ്യമന്ത്രി എന്തുകൊണ്ട് തയ്യാറായില്ലെന്ന് പിസി ജോർജ് ചോദിച്ചു.
“ഇവിടെ പ്രതിപക്ഷവും ഭരണപക്ഷവും ഒന്നാണ്. അതുകൊണ്ടാണ് ഇത്രയും വലിയ റൗഡിസം മുഖ്യമന്ത്രിക്ക് നടത്താൻ കഴിയുന്നത്. ഏഴരക്കോടി രൂപയാണ് ഹെലികോപ്റ്ററിന് വേണ്ടി ചെലവഴിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് മാന്യതയുണ്ടെങ്കിൽ, ആ കോപ്റ്ററിൽ കയറി, ദുരന്ത സ്ഥലങ്ങളിലെത്തി, ജനങ്ങളെ കാണാൻ തയ്യാറാകണമായിരുന്നു. അതിന് തയ്യാറാകാത്ത പിണറായി വിജയൻ വെറുതെ ധൂർത്ത് കാണിക്കുകയാണ്. കോടികളുടെ കടം കേറി കിടക്കുന്ന കേരളം പോലൊരു സംസ്ഥാനത്താണ് പിണറായി വിജയൻ മര്യാദക്കേട് കാണിക്കുന്നത്. പിണറായിയും മന്ത്രിപരിവാരങ്ങളും ചേർന്ന് കാസർകോട് മുതൽ തിരുവനനന്തപുരം വരെ നടത്തിയ നവകേരള യാത്രയുടെ ചെലവ്, ബസിന്റെ ചെലവ്, ഇതെല്ലാം കോടിക്കണക്കിന് രൂപയാണ്. ഇതൊന്നും കേരളത്തിലെ ജനങ്ങൾ കാണുന്നില്ലേ.. ഇതെല്ലാം കണ്ടിട്ടും ഡിവൈഎഫ്ഐയ്‌ക്കും കമ്യൂണിസ്റ്റ് പാർട്ടിക്കും സിന്ദാബാദ് വിളിക്കുന്ന പൊട്ടന്മാരുടെ നാടാണ് കേരളം. പിന്നെങ്ങനെ ഗുണം പിടിക്കും. പിണറായി വിജയന് എന്ത് വൃത്തികേടും ചെയ്യാൻ അനുവാദം കൊടുത്തേക്കുന്നത് പ്രതിപക്ഷം തന്നെയാണ്. ഇത്ര നാണംകെട്ട നിയമസഭ കേരള ചരിത്രത്തിൽ വേറെയുണ്ടാകില്ല. വിമർശനം എന്ന് പറയുന്നത് ഉന്നയിക്കാൻ സഭയിൽ ആരുമില്ല. പ്രതിപക്ഷനേതാവ് വെറും കടം. നമ്മുടെ നാടിന്റെ കഷ്ടക്കാലം എന്നല്ലാതെ വേറെന്ത് പറയാൻ..- പിസി ജോർജ് പറഞ്ഞു.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിക്കായി ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തത് വൻ വിവാദമായിരുന്നു. കേരള പൊലീസ് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന് വേണ്ടി 9 മാസത്തിനിടെ ഏഴു കോടി 20 ലക്ഷം രൂപ ചെലവഴിച്ചുവെന്നാണ് കണക്ക്. നിയമസഭയിൽ എപി അനിൽ കുമാർ എംഎൽഎയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി ഇപ്രകാരം മറുപടി നൽകിയത്. എത്രതവണ ഹെലികോപ്റ്ററിൽ കയറിയെന്ന് പറയാനും മുഖ്യമന്ത്രി തയ്യാറായില്ല.















