ഷൈൻ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. പ്രേക്ഷകർക്ക് സസ്പെൻസ് ഒരുക്കുന്ന ടീസറാണ് അണിയറപ്രവർത്തകർ പങ്കുവച്ചിരിക്കുന്നത്. പ്രേക്ഷകരെ
ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന നിരവധി രംഗങ്ങൾ ഉൾപ്പെടുത്തിയുള്ളതാണ് ടീസർ.
ഷൈൻ ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും തികച്ചും വേറിട്ട വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. നീണ്ട ഇടവേളയ്‌ക്ക് ശേഷമുള്ള നടി വാണി വിശ്വനാഥിന്റെ തിരിച്ചുവരവ് കൂടിയാണ് ഒരു അന്വേഷണത്തിന്റെ തുടക്കം. വ്യത്യസ്ത വേഷപ്പകർച്ചയിൽ ഷൈൻ ടോം ചാക്കോ പ്രത്യക്ഷപ്പെട്ട ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിനും സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ക്രൈം ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രത്തിൽ 64 താരങ്ങളാണ് അണിനിരക്കുന്നത്.
ഒരു കൊലപാതകവും തുടർന്നുള്ള കേസന്വേഷണവുമാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. പൊലീസ് വേഷത്തിലാണ് വാണി വിശ്വനാഥ് ചിത്രത്തിൽ എത്തുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. സമുദ്രക്കനി, മുകേഷ്, അശോകൻ, ബൈജു സന്തോഷ്, സുധീഷ്, ശിവദ, ദുർഗ കൃഷ്ണ, മഞ്ജു പിള്ള, സ്വാസിക, വിജയ് ബാബു, സുധീർ കരമന, രമേശ് പിഷാരടി, ഷഹീൻ സിദ്ദിഖ്, കലാഭവൻ ഷാജോൺ, സായികുമാർ, പൊന്നമ്മ ബാബു തുടങ്ങീ നിരവധി താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്.
ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സംവിധായകൻ നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി. എം. കുഞ്ഞിമൊയ്തീന്റെ സേവനകാലത്ത് നടന്ന സംഭവമാണ് സിനിമയായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.