ഏതാനും സെക്കൻഡുകൾ മാത്രം നീണ്ട ഫോൺ കോൾ, അല്ലെങ്കിൽ രണ്ടുവരി എഴുതിയ ഇ-മെയിൽ സന്ദേശം, അതുമല്ലെങ്കിൽ ഒരു ടിഷ്യൂപേപ്പറിൽ അവ്യക്തമായി കുറിച്ച ബോംബ് എന്ന വാക്ക്.. വ്യാജബോംബ് ഭീഷണിയുമായി ഉയർത്തുന്നവർക്ക് ഇത്രയും ചെയ്താൽ മതി. എന്നാൽ അതിന് കൊടുക്കുന്ന വിലയോ? കോടികൾ..
കഴിഞ്ഞ ഒന്നരയാഴ്ചയ്‌ക്കിടെ ഇന്ത്യയിലെമ്പാടുമുള്ള വിമാനക്കമ്പനികൾക്ക് നേരിട്ട വ്യാജബോംബ് ഭീഷണിക്ക് പകരമായി നൽകേണ്ടി വന്നത് 600 കോടി രൂപയാണ്. രാജ്യത്തെ ഒമ്പത് വിമാനക്കമ്പനികൾക്ക് വന്ന നഷ്ടമാണിത്. ഒരു വിമാനത്തിന് ബോംബ് ഭീഷണി നേരിട്ടാൽ വരുന്ന നഷ്ടം ഏകദേശം മൂന്ന് കോടിയോളമാണെന്നാണ് കണക്ക്.
ഇന്ധനം പാഴാകുന്നതിന്റെ ചെലവ്, യാത്രിക്കാർക്ക് നഷ്ടപരിഹാരം നൽകൽ, വിമാനസർവീസ് താമസിക്കുമ്പോൾ യാത്രക്കാർക്കും ജീവനക്കാർക്കും നൽകേണ്ടി വരുന്ന ഹോട്ടൽ ചെലവ്, പെട്ടെന്ന് ബോംബ് ഭീഷണിയുണ്ടാകുമ്പോൾ അടിയന്തരമായി ലാൻഡിംഗ് നടത്തേണ്ടി വരുന്നതിന്റെ തുക എന്നിവയെല്ലാം ചേർത്താണ് ഒരു വിമാനസർവീസിന് 3 കോടി രൂപ നഷ്ടമുണ്ടാകുന്നത്.
കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ ഇന്ത്യൻ വിമാനക്കമ്പനികളുടെ 170 സർവീസുകൾക്ക് എതിരെയാണ് നുണബോംബ് ഭീഷണിയുണ്ടായത്. ഇവയിൽ ഭൂരിഭാഗം ഭീഷണികളും സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലൂടെയായിരുന്നു. ചൊവ്വാഴ്ച മാത്രം 50ലധികം വിമാനങ്ങൾക്ക് നേരെയാണ് ഭീഷണി ഉയർന്നത്.















