തൃശൂർ: ബസുകളിൽ കയറി മോഷണം പതിവാക്കിയ തമിഴ്‌നാട് സ്വദേശികളായ രണ്ട് യുവതികൾ പിടിയിൽ. തമിഴ്‌നാട് തെങ്കാശി നരിക്കുറവാ സ്വദേശികളായ പഞ്ചവർണം, മാരി എന്നീ യുവതികളെയാണ് കൊടകര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കുളിൽ ബസുകളിൽ കയറിയിറങ്ങി നിരവധി മോഷണങ്ങളാണ് ഇവർ നടത്തിയത്.
തൃശൂർ നഗരത്തിലെ ബസുകളിൽ കയറിയാണ് ഇവർ മോഷണം നടത്തിയത്. നല്ലരീതിയിൽ വസ്ത്രം ധരിച്ചെത്തുന്ന ഇവർ ബസുകളിൽ കയറി സ്ത്രീ യാത്രക്കാർക്കിടയിൽ തിക്കും തിരക്കും സൃഷ്ടിക്കും. ഇതിനിടയിൽ യാത്രക്കാരുടെ ബാഗിൽ നിന്നും പേഴ്‌സും പണവും കവരുകയും ചെയ്യും. മോഷണത്തിനുശേഷം ബസിൽ നിന്നും ഇറങ്ങുന്ന ഇവർ ഉടൻതന്നെ ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടും.
ചെട്ടിച്ചാൽ സ്വദേശിനിയുടെ ബാഗിൽ നിന്ന് കഴിഞ്ഞ ദിവസം 35,000 രൂപ മോഷണം പോയെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികൾ പതിവായി പോകുന്ന സ്ഥലങ്ങൾ മനസിലാക്കിയ പൊലീസ് ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. കഴിഞ്ഞ ദിവസം കൊടകര ടൗൺ ബസ്റ്റോപ്പിൽ നിന്നാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.















