ഇരട്ടത്താപ്പിനും ഭീകര പ്രവർത്തനങ്ങൾക്കും ഇടമില്ല; ലോകം ഒറ്റക്കെട്ടായി പോരാടണം; ബ്രിക്‌സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി

Published by
Janam Web Desk

മോസ്‌കോ: ഭീകരവാദത്തിന് ലോകത്ത് സ്ഥാനമില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ എക്കാലവും ഭീകരർക്ക് എതിരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആഗോളതലത്തിൽ ഭീകരപ്രവർത്തനങ്ങൾക്കായി ഫണ്ടിംഗ് നൽകുന്നവർക്കെതിരെയും അക്രമികൾക്കെതിരെയും ഒരുമിച്ച് പോരാടാൻ സാധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യയിൽ 16-ാമത് ബ്രിക്‌സ് ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

”സമാധാന ചർച്ചകളെയും നയതന്ത്ര ഇടപെടലുകളെയുമാണ് ഭാരതം പിന്തുണയ്‌ക്കുന്നത്. ഭീകര പ്രവർത്തനങ്ങൾക്ക് തടയിടാൻ സാധിക്കുന്നതെല്ലാം ഇന്ത്യ നടപ്പിലാക്കുന്നുണ്ട്. ഭീകരപ്രവർത്തനങ്ങൾ പോലുള്ള ഗുരുതര വിഷയങ്ങളിൽ ഇരട്ടത്താപ്പിന് ഇടമില്ല. യുവാക്കളെ ഭീകരവാദ പ്രവർത്തനങ്ങൾക്കായി ബലിയാടാക്കുന്നത് ഇന്നത്തെ കാലത്ത് വർദ്ധിച്ചു വരികയാണ്. ഇത്തരം പ്രവണതകൾക്കെതിരെ ഒരുമിച്ച് പോരാടാൻ ഓരോ രാജ്യങ്ങൾക്കും സാധിക്കണം.”- പ്രധാനമന്ത്രി പറഞ്ഞു.

ഭക്ഷ്യ സുരക്ഷ, സൈബർ സുരക്ഷ, സൈബർ ഭീഷണികൾ, ആരോഗ്യ സംരക്ഷണം തുടങ്ങിയ നിരവധി വിഷയങ്ങളും അദ്ദേഹം ചർച്ച ചെയ്തു. പണപ്പെരുപ്പം തടയുന്നതിനായി ഭക്ഷ്യ സുരക്ഷ, ആരോഗ്യ സംരക്ഷണം, ജല സംരക്ഷണം തുടങ്ങി നിരവധി കാര്യങ്ങൾക്ക് ഓരോ രാജ്യങ്ങളും പ്രാധാന്യം നൽകേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മൂന്ന് മാസത്തിനിടെ രണ്ടാം തവണയാണ് പ്രധാനമന്ത്രി റഷ്യ സന്ദർശിക്കുന്നത്. പ്രസിഡന്റ് വ്‌ളാഡിമർ പുടിനുമായും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇന്ത്യ- റഷ്യ ബന്ധം വരും വർഷങ്ങളിലും ദൃഢപ്പെടുത്തുമെന്ന് ഇരുനേതാക്കളും പരസ്പരം ഉറപ്പ് നൽകിയിരുന്നു.

Share
Leave a Comment