നിലമ്പൂർ: വയനാട് ലോക്‌സഭാ മണ്ഡലത്തെ രാഹുലിന്റെയും പ്രിയങ്കയുടെയും കുടുംബസ്വത്താക്കി മാറ്റാൻ ശ്രമിക്കുന്ന കോൺഗ്രസ് നിലപാടിനെ കണക്കിന് വിമർശിച്ച് വയനാട്ടിലെ ഉപതെരഞ്ഞെടുപ്പിലെ എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നിലമ്പൂരിൽ നടന്ന പൊതുയോഗത്തിലായിരുന്നു നവ്യ ഹരിദാസിന്റെ വിമർശനം.
രാഹുലിന് വോട്ട് തേടിയുളള ഫ്‌ളക്‌സ് ബോർഡുകൾ ഇന്നും നോക്കുകുത്തിയായി വയനാട്ടിലുണ്ടെന്ന് നവ്യ ഹരിദാസ് ചൂണ്ടിക്കാട്ടി. ആ ബോർഡുകളുടെ നിറം മങ്ങുന്നതിന് മുൻപാണ് പ്രിയങ്ക വാദ്രയുടെ ബോർഡുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. സഹോദരന് ശേഷം സഹോദരി എന്ന നിലയിൽ ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളും പാർലമെന്റിൽ വേണമെന്നാണ് കോൺഗ്രസിന്റെ നിർബന്ധമെന്ന് അവർ പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ രാഹുലിനൊപ്പം പ്രിയങ്കയും ഉണ്ടായിരുന്നു. വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് വരുമെന്നും പ്രിയങ്കയെ പരിചയപ്പെടുത്തണമെന്നും അവർ അന്നേ കരുതിയിരുന്നു. എന്നാൽ ഇത്തവണത്തെ രസകരമായ കാര്യം പ്രിയങ്ക മകനെയും ഭർത്താവിനെയും ഒപ്പം കൂട്ടിയിട്ടുണ്ട് എന്നതാണ്. അപ്പോ രണ്ട് സ്ഥലങ്ങൾ ലക്ഷ്യം വച്ചിട്ടുണ്ടെന്നുളളതാണ് മനസിലാക്കേണ്ടതെന്ന് നവ്യ പരിഹസിച്ചു.
കുടുംബാധിപത്യം കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് തുടർച്ചയായി കണ്ടുവരുന്ന ഒരു പ്രക്രിയയാണ്. അത് കേരളത്തിലും നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. കോൺഗ്രസ് പ്രതിനിധികളായി പാർലമെന്റിൽ നെഹ്‌റുകുടുംബം തന്നെ മതി എന്നത് നയമായി മാറ്റിക്കഴിഞ്ഞു. അങ്ങനെ വന്നാൽ തമ്മിൽതല്ല് പകുതിയെങ്കിലും കുറയ്‌ക്കാൻ സാധിക്കുമെന്നാണ് അവർ കരുതുന്നത്. കിട്ടുന്നത് പങ്കിട്ടെടുക്കുമ്പോൾ ഒരു കുടുംബത്തേക്ക് മാത്രം വീതിച്ചാൽ മതിയല്ലോ എന്ന ആശ്വാസത്തിലാണ് അവർ ഇറങ്ങിയിരിക്കുന്നതെന്നും നവ്യ പരിഹസിച്ചു.