കണ്ണൂർ: യാത്രയയപ്പ് ചടങ്ങിൽ നവീൻ ബാബു വളരെ സ്‌ന്തോഷത്തോടെയാണ് പങ്കെടുത്തതെന്നും, എന്നാൽ ദിവ്യയുടെ പ്രസംഗം കഴിഞ്ഞതോടെ അദ്ദേഹം കടുത്ത സമ്മർദ്ദത്തിലായിരുന്നുവെന്നും പൊലീസിന് മൊഴി നൽകി കളക്ടറേറ്റ് ജീവനക്കാർ. സിനിമകളിൽ കാണുന്നത് പോലെ ദിവ്യ വന്ന് വായിൽ തോന്നിയതെല്ലാം വിളിച്ചു പറഞ്ഞ്, തിരിച്ചുപോയി എന്നാണ് ഒരു ജീവനക്കാരി മൊഴി നൽകിയത്.
യാത്രയയപ്പ് ചടങ്ങ് പൂർത്തിയായ ശേഷം നവീൻ ബാബു ജില്ലാ കളക്ടറെ കണ്ടിരുന്നു. ദിവ്യ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ചും നവീൻ ബാബു സംസാരിച്ചിരുന്നു. 15 മിനിറ്റോളം സമയം ഇരുവരും സംസാരിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കളക്ടറേറ്റിൽ നിന്നുള്ള ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിന് ശേഷമാണ് നവീൻ ബാബു ഔദ്യോഗിക വാഹനത്തിൽ റെയിൽവേ സ്‌റ്റേഷനിലേക്ക് പോകുന്നത്.
നവീൻ ബാബുവിനെ റെയിൽവേ സ്‌റ്റേഷന് സമീപമുള്ള മുനീശ്വരൻ കോവിലിൽ എത്തിച്ച ഡ്രൈവർ എം.ഷംസുദ്ദീന്റെ മൊഴിയും കേസിൽ നിർണായകമാകും. കാറിൽ ദു:ഖിതനായിട്ടാണ് നവീൻ ബാബു ഇരുന്നതെന്ന് ഷംസുദ്ദീൻ മൊഴി നൽകിയിട്ടുണ്ട്. വൈകിട്ട് ആറ് മണിയോടെയാണ് കോവിലിന് സമീപം ഇറക്കി വിടുന്നത്. കാസർകോട് നിന്നും സുഹൃത്ത് വരാനുണ്ടെന്നും, അതിനാൽ ഇവിടെ ഇറക്കിയാൽ മതിയെന്നുമാണ് നവീൻ ഷംസുദ്ദീനോട് പറഞ്ഞത്. രാത്രിയുള്ള മലബാർ എക്‌സ്പ്രസിനാണ് നവീൻ ബാബു ടിക്കറ്റ് എടുത്തിരുന്നത്. രാത്രി 8.55നാണ് ട്രെയിൻ സ്റ്റേഷൻ വിടുന്നത്. രാത്രി എട്ട് മണി വരെ സ്റ്റേഷന്റെ സമീപപ്രദേശങ്ങളിൽ തന്നെ നവീൻ ഉണ്ടായിരുന്നു. എന്നാൽ സ്റ്റേഷനിലേക്കോ പ്ലാറ്റ്‌ഫോമിലേക്കോ എത്തിയില്ല.
മൊബൈൽ സിഗ്നൽ പരിശോധിച്ചപ്പോൾ രാത്രി എട്ട് മണിക്ക് ശേഷമാണ് റെയിൽവേ സ്‌റ്റേഷന്റെ ഒന്നര കിലോമീറ്റർ ചുറ്റളവിനുള്ളിൽ നിന്ന് അദ്ദേഹത്തിന്റെ നമ്പർ പുറത്ത് പോകുന്നത്. എസി കമ്പാർട്ട്‌മെന്റിലെ 17ാം നമ്പർ ബെർത്തായിരുന്നു നവീൻ ബാബുവിന്റേത്. ചെങ്ങന്നൂരിലേക്കുള്ള നവീനിന്റെ ടിക്കറ്റ് എമർജൻസി കോട്ടയിൽ ഉള്ളതായിരുന്നു. ടിടിഇ പരിശോധനയ്‌ക്ക് എത്തിയപ്പോൾ ബെർത്തിൽ യാത്രക്കാരൻ ഉണ്ടായിരുന്നില്ല. രണ്ട് സ്‌റ്റേഷൻ പിന്നിട്ട ശേഷവും ബുക്ക് ചെയ്ത ആൾ എത്തിയില്ലെങ്കിൽ ബെർത്ത് മറ്റുള്ളവർക്ക് അലോട്ട് ചെയ്ത് നൽകും. ട്രെയിൻ നാല് സ്‌റ്റേഷൻ പിന്നിട്ട് കോഴിക്കോട് എത്തിയ ശേഷമാണ് റിസർവേഷൻ പട്ടികയിലുള്ള മറ്റൊരു യാത്രക്കാരനായി സീറ്റ് അനുവദിച്ച് നൽകിയത്.















