ശ്രീനഗർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. കശ്‍മീരിന്റെ സംസ്ഥാന പദവി ഉൾപ്പെടെയുള്ള വിഷയങ്ങൾ കൂട്ടിക്കാഴ്ചയിൽ ചർച്ചയായി. സംസ്ഥാന പദവി പുനഃസ്ഥാപിക്കാനുള്ള നടപടികൾ കേന്ദ്രം ആരംഭിക്കുമെന്ന് അമിത് ഷാ ഉറപ്പുനൽകി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് കേന്ദ്രത്തിന്റെ പിന്തുണയും ആഭ്യന്തരമന്ത്രി വാഗ്ദാനം ചെയ്തു.
തെരഞ്ഞെടുപ്പിന് ശേഷം കഴിഞ്ഞയാഴ്ച നടന്ന ആദ്യ യോഗത്തിൽ, സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു കശ്മീർ കാബിനറ്റ് പ്രമേയം പാസാക്കിയിരുന്നു. ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പ്രമേയത്തിന് അംഗീകാരം നൽകി. സംസ്ഥാന പദവിക്ക് പുറമേ, ജമ്മു കശ്മീരിലെ ജനങ്ങളുടെ വ്യക്തിത്വവും ഭരണഘടനാപരമായ അവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള ജമ്മു കശ്മീർ സർക്കാരിന്റെ പ്രതിബദ്ധതയും പ്രമേയത്തിൽ പറയുന്നു.
വൈകിട്ട് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് ഒമർ അബ്ദുള്ള പ്രമേയത്തിന്റെ പകർപ്പ് സമർപ്പിച്ചേക്കും. കേന്ദ്രവുമായി ഒരു ഏറ്റുമുട്ടലും ആഗ്രഹിക്കുന്നില്ലെന്നും ജമ്മു കശ്മീരിന്റെ നല്ല ഭരണത്തിനും വികസനത്തിനും കേന്ദ്രവുമായി ക്രിയാത്മക ബന്ധത്തിന് ശ്രമിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.















