ശബരിമല തീർത്ഥാടന മണ്ഡലകാല തിരക്ക് പരിഗണിച്ച് കൂടുതൽ സർവീസുകൾ നടത്താൻ ഇന്ത്യൻ റെയിൽവേ. ഇത്തവണ 300 സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുമെന്ന് ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷണൽ മാനേജർ ഡോ മനീഷ് തപ്ലയാൽ അറിയിച്ചു. രാജ്യത്തെ വിവിധ നഗരങ്ങളിൽ നിന്ന് കോട്ടയം വഴിയും പുനലൂർ വഴിയുമാണ് സർവീസുകൾ ഉണ്ടാവുക.
കഴിഞ്ഞവർഷം നിർത്തലാക്കിയ റെയിൽവേ റിസർവേഷൻ കേന്ദ്രം പുനഃസ്ഥാപിക്കാനും മൂന്ന് പിൽഗ്രിം കേന്ദ്രങ്ങളിലായി 50 ശൗചാലയങ്ങളൊരുക്കാനും തീരുമാനമായി. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെത്തുന്ന തീർത്ഥാടകർക്ക് മികച്ച സൗകര്യമൊരുക്കും. കുടിവെള്ളം, വിരിവെക്കാൻ സൗകര്യം, സഹായകേന്ദ്രം, സിസിടിവി ക്യാമറ, മൊബൈൽ ചാർജിംഗ് സൗകര്യം, സൗജന്യ വൈഫൈ തുടങ്ങിയവയും ഏർപ്പെടുത്തും.
സ്റ്റേഷന് മുൻപിലുള്ള ഓട വൃത്തിയാക്കാൻ നഗരസഭയ്ക്ക് റെയിൽവേ അനുമതി നൽകി. ജല അതോറിറ്റി, റെയിൽവേ സ്റ്റേഷൻ, മഹാദേവക്ഷേത്രം, കെ.എസ്.ആർ.ടി.സി., വണ്ടിമല ദേവസ്ഥാനം തുടങ്ങിയ സ്ഥലങ്ങളിലായി 25 കുടിവെള്ള ടാപ്പുകൾ സ്ഥാപിക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ കുടിവെള്ള വിതരണമുണ്ടാകും.