ദേശീയ സീനിയർ വനിത ട്വൻ്റി 20 ട്രോഫിയിൽ സിക്കിമിനെതിരെ ഉജ്ജ്വല വിജയം സ്വന്തമാക്കി കേരളം. പത്ത് വിക്കറ്റിനാണ് കേരളം സിക്കിമിനെ കീഴടക്കിയത്. 74 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം പത്താം ഓവറിൽ വിജയം സ്വന്തമാക്കി.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സിക്കിമിനെ ഇടം കൈ സ്പിന്നർ വിനയയുടെ ബൗളിംഗ് മികവാണ് വളരെ ചെറിയ സ്കോറിൽ ഒതുക്കിയത്. ഒരു ഘട്ടത്തിൽ വിക്കറ്റ് പോകാതെ 30 റൺസെന്ന നിലയിലായിരുന്ന സിക്കിം, നാല് വിക്കറ്റിന് 35 റൺസെന്ന നിലയിലേക്ക് തകർന്നടിയുകയായിരുന്നു.
കളിയുടെ ഒരു ഘട്ടത്തിലും അവർക്ക് പിന്നീട് കരകയറാനുമായില്ല. ആദ്യ അഞ്ച് വിക്കറ്റുകളിൽ നാലും വീഴ്‌ത്തി സിക്കിമിന്റെ ബാറ്റിംഗ് തകർച്ചയ്‌ക്ക് തുടക്കമിട്ടത് വിനയയാണ്. നാല് ഓവറിൽ വെറും അഞ്ച് റൺസ് മാത്രം വിട്ടു കൊടുത്താണ് വിനയ നാല് വിക്കറ്റ് സ്വന്തമാക്കിയത്. സജന ഒരു വിക്കറ്റും നേടി.സിക്കിമിന്റെ ഇന്നിങ്സ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 73 റൺസിൽ അവസാനിച്ചു.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം അനായാസം ലക്ഷ്യത്തിലെത്തി. 37 റൺസോടെ ദൃശ്യയും 34 റൺസോടെ ക്യാപ്റ്റൻ ഷാനിയും പുറത്താകാതെ നിന്നു.