ഇന്ത്യൻ ഹോക്കി ഇതിഹാസം റാണി രാംപാൽ പ്രൊഫഷണൽ ഹോക്കിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്ത്യൻ വനിത ഹോക്കി ടീമിന്റെ മുൻ ക്യാപ്റ്റനായിരുന്ന റാണിയുടെ പ്രഖ്യാപനം 29-ാം വയസിലാണ്. ഒന്നര പതിറ്റാണ്ടിലേറെ നീണ്ട കരിയറിനാണ് തിരശീല വീഴുന്നത്. ഹരിയാനയിലെ ദരിദ്ര കുടുംബത്തിൽ ജനിച്ച റാണി പട്ടിണിയോടും സാമ്പത്തിക പരാധീനതകളോടും പടവെട്ടിയാണ് ഇന്ത്യൻ ഹോക്കിയുടെ ഇതിഹാസ താരമായത്. റാണിയുടെ പിതാവ് ഉന്തുവണ്ടി താെഴിലാളിയായിരുന്നു. 2021-ലെ ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയെ നാലാം സ്ഥാനത്ത് എത്തിക്കാൻ ക്യാപ്റ്റൻ റാണിക്ക് സാധിച്ചിരുന്നു.
“അതൊരു മികച്ച യാത്രയായിരുന്നു, ഇന്ത്യക്കായി ഇത്രയും നാൾ കളിക്കാനാകുമെന്ന് ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല. കുട്ടിക്കാലം മുതൽ ഒരുപാട് ദാരിദ്രമാണ് കണ്ടത്. എങ്കിലും എന്തെങ്കിലും ചെയ്യണമെന്നും രാജ്യത്തെ പ്രതിനിധീകരിക്കണമെന്നുമായിരുന്നു എന്റെ ചിന്തകൾ”. —-അവർ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
2008-ൽ 14-ാം വയസിലാണ് റാണി എന്ന മുന്നേറ്റ താരം ഇന്ത്യൻ കുപ്പായം അണിയുന്നത്. ഒളിമ്പിക്സ് യോഗ്യത മത്സരത്തിലായിരുന്നു അരങ്ങേറ്റം. 254 മത്സരങ്ങളിൽ 205 തവണയാണ് അവർ എതിർവല തുളച്ചത്. 2020ൽ മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന പുരസ്കാരം നൽകി രാജ്യം അവരെ ആദരിച്ചിരുന്നു. ഇതേവർഷം തന്നെ രാജ്യത്തെ നാലാമത്തെ സിവിലിയൻ ബഹുമതിയായ പദ്മശ്രീയും നൽകി. നിലവിൽ ദേശീയ വനിത സബ് ജൂനിയർ ടീമിന്റെ പരിശീകയാണ് താരം.















