ദുബായ്: യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച രണ്ട് മാസത്തെ പൊതുമാപ്പ് കാലാവധി തീരാൻ 7 ദിവസം കൂടി മാത്രം. ഈ കാലയളവിനുള്ളിൽ ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ ഇതുവരെ സഹായം തേടിയത് 10,000 നിയമ ലംഘകരാണെന്ന് കണക്കുകൾ പറയുന്നു. 1300 പാസ്‌പോർട്ടുകളും1700 അടിയന്തര സർട്ടിഫിക്കറ്റുകളും കോൺസുലേറ്റ് ഇതുവരെ അനുവദിച്ചു. കൂടാതെ 1500ലധികം എക്‌സിറ്റ് പെർമിറ്റ് ലഭിക്കുന്നതിനും വിവിധ ഫീസുകളും പിഴകളും ഒഴിവാക്കുന്നതിനും സഹായങ്ങൾ നൽകിയതായും കോൺസുലേറ്റ് വ്യക്തമാക്കി.
പതിനായിരത്തിലേറെ പ്രവാസി ഇന്ത്യക്കാർക്ക് സേവനം നൽകിയതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ബയോമെട്രിക് രേഖകൾ നൽകുന്നത് ഒഴികെ യുഎഇ സർക്കാർ സംവിധാനങ്ങൾ നൽകുന്ന എല്ലാ സേവനങ്ങളും സഹായകേന്ദ്രത്തിലൊരുക്കിയാണ് കോൺസുലേറ്റ് പ്രവാസികളെ പൊതുമാപ്പ് നേടാൻ സഹായിക്കുന്നത്. വിവിധ പ്രവാസി സംഘടനകളുമായി സഹകരിച്ച് ദുബായ് ഇന്ത്യൻ കോൺസുലേറ്റിലും ദുബായിലെ അൽ അവീർ സെൻററിലും ഹെൽപ് ഡെസ്‌ക് പ്രവർത്തിച്ചുവരുന്നുണ്ട്.
യാത്രാ വിലക്കുള്ളവർക്ക് ഇവരുടെ യാത്രാ വിലക്കുമായി ബന്ധപ്പെട്ട കേസുകൾ തീർപ്പാക്കാതെ രാജ്യം വിടാൻ കഴിയില്ല. പാസ്‌പോർട്ട് അടക്കമുള്ള രേഖകൾ മണിക്കൂറുകൾക്കുള്ളിലാണ് ആവശ്യക്കാർക്ക് നൽകിയത്. ഒക്ടോബർ 31ന് പൊതുമാപ്പ് കാലയളവ് അവസാനിക്കും. ഇനിയും അനധികൃതമായി താമസിക്കുന്ന ഇന്ത്യൻ പ്രവാസികൾ പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്നും കോൺസുലേറ്റ് അഭ്യർഥിച്ചു.













