ഭുവനേശ്വർ: ‘ദാന’ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച് ഒഡിഷ തീരം തൊട്ടു. അർദ്ധരാത്രിയോടെ ഭിതാർകനികയ്‌ക്കും ധമാരയ്‌ക്കും സമീപത്തായാണ് കരതൊട്ടത്. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് വീശിയടിക്കുക.
ഒഡിഷയിൽ 16 ജില്ലകളിൽ മിന്നൽ പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ തീരദേശ ജില്ലകളായ കേന്ദ്രപാറ, ജഗത്സിംഗപൂർ, ഭദ്രക്, ബാലസോർ, ബംഗാൾ എന്നിവിടങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് പേരെയാണ് ഒഴിപ്പിച്ചത്. ഒഡിഷയിൽ 4.17 ലക്ഷം പേരെയും പശ്ചിമ ബംഗാളിൽ 2.43 ലക്ഷം പേരെയും ഇതുവരെ ഒഴിപ്പിച്ചു. നിരവധി മരങ്ങൾ കടപുഴകിയെങ്കിലും ഇതുവരെ ആളപായമില്ല. വൈദ്യുതി സംവിധാനം താറുമാറായി.
പശ്ചിമ ബംഗാളിൽ മഴ കനക്കുകയാണ്. സൗത്ത് ഈസ്റ്റേൺ റെയിൽവേ 27- വരെ 170-ലധികം എക്സ്പ്രസ്, പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. ഹൗറ ഡിവിഷനിലെ 68 സബർബൻ ട്രെയിനുകളും റദ്ദാക്കി. സീൽദാ സ്റ്റേഷനിൽ നിന്നുള്ള എല്ലാ ലോക്കൽ ട്രെയിനുകളും ഇന്ന് രാവിലെ വരെ താത്കാലികമായി നിർത്തിവച്ചു. മുൻകരുതലിന്റെ ഭാഗമായി കൊൽക്കത്ത തുറമുഖ അധികൃതരും ഇന്ന് വൈകുന്നേരം വരെ കപ്പൽ ഗതാഗതം നിർത്തിവച്ചു. കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം ഇന്ന് രാവിലെ ഒൻപത് മണി വരെ നിർത്തിയിട്ടുണ്ട്.
സംസ്ഥാന ദുരന്ത നിവാരണ സേനയുടെ 13 ബറ്റാലിയനുകളും എൻഡിആർഎഫിന്റെ 14 ബറ്റാലിയനുകളും തീരദേശ മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്. ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പലുകളും വിമാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഇന്ന് രാവിലെ 11.30-ഓടെ ചുഴിക്കാറ്റിന്റെ ശക്തി കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.















