ബാരാമുളള: ജമ്മു കശ്മീരിലെ ബാരാമുളളയിൽ ഭീകരർക്കായി തെരച്ചിൽ ശക്തമാക്കി സുരക്ഷാസേന. ഇന്നലെയുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് സൈനികരും രണ്ട് ചുമട്ടുതൊഴിലാളികളും കൊല്ലപ്പെട്ടിരുന്നു. ഒരു സൈനികനും മറ്റൊരു ചുമട്ടുതൊഴിലാളിക്കും പരിക്കേൽക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെയോടെ ബാരാമുളളയിലും പരിസരങ്ങളിലും ഭീകരർക്കായി തെരച്ചിൽ വ്യാപകമാക്കിയത്.
ബാരാമുളളയിലെ ബുടാപത്രിയിലെ പൊതുസ്ഥലത്തായിരുന്നു ഭീകരർ ആക്രമണം നടത്തിയത്. പരിക്കേറ്റവർ ചികിത്സയിലാണ്. ഇന്നലെ പുൽവാമയിലെ ബത്ഗുണ്ട് ത്രാൽ മേഖലയിലും ഭീകരർ നടത്തിയ വെടിവെയ്പിൽ ഒരു തൊഴിലാളിക്ക് പരിക്കേറ്റിരുന്നു. ഭീകരർക്കായി തെരച്ചിൽ തുടരുകയാണെന്നും മാദ്ധ്യമങ്ങൾ ആശയക്കുഴപ്പം ഉണ്ടാകുന്ന വാർത്തകൾ പുറത്തുവിടരുതെന്നും സൈന്യം അറിയിച്ചു.
കഴിഞ്ഞ ദിവസം ഗന്ദർബാൽ മേഖലയിൽ ശ്രീനഗർ – ലേ ദേശീയപാതയിലെ തുരങ്ക നിർമാണ സൈറ്റിലുണ്ടായ ഭീകരാക്രമണത്തിൽ ആറ് കൺസ്ട്രക്ഷൻ തൊഴിലാളികളും ഒരു ഡോക്ടറും കൊല്ലപ്പെട്ടിരുന്നു. തുടർച്ചയായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കശ്മീരിലെങ്ങും സുരക്ഷാസേന കനത്ത ജാഗ്രത പാലിക്കുന്നുണ്ട്. വാഹനങ്ങൾ ഉൾപ്പെടെ വിശദമായ പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ട്.