കണ്ണൂർ: എഡിഎമ്മായിരുന്ന നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തന്റെ കുരുക്ക്. പെട്രോൾ പമ്പ് നിർമാണത്തിൽ ബിനാമി ഇടപാടുകളുണ്ടെന്ന ആരോപണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രശാന്തന്റെ ഭാര്യാ സഹോദരൻ രജീഷിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. രജീഷിന്റെ പേരിൽ കാസർകോട് രണ്ട് പെട്രോൾ പമ്പുകളുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
പ്രശാന്തന്റെ ബിനാമിയാണ് രജീഷെന്നാണ് ആരോപണം. പെട്രോൾ പമ്പിനായി പ്രശാന്തനെ കൊണ്ട് അപേക്ഷ സമർപ്പിച്ചതും നിർമാണത്തിനായുള്ള പണം ഇറക്കുന്നതും രജീഷാണെന്ന തരത്തിൽ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പൊലീസാണ് രജീഷിന്റെ മൊഴി രേഖപ്പെടുത്തിയത്.
അതേസമയം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. കണ്ണൂർ റേഞ്ച് ഡിഐജിക്കായിരിക്കും സംഘത്തിന്റെ മേൽനോട്ട ചുമതല. സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാറിന്റെ കീഴിലായിരിക്കും അന്വേഷണം നടക്കുക. സംഘത്തിൽ ആറ് ഉദ്യോഗസ്ഥരാണുള്ളത്.