ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്. ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയപ്പോഴായിരുന്നു ഒലാഫ്-മോദി കൂടിക്കാഴ്ചയുണ്ടായത്. ഇരുനേതാക്കളും പ്രതിരോധം, വാണിജ്യം, ഊർജ്ജം തുടങ്ങിയ മേഖകളിൽ ഉഭയകക്ഷി ചർച്ചകൾ നടത്തിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പശ്ചിമേഷ്യയിൽ വ്യാപകമാകുന്ന യുദ്ധസാഹചര്യങ്ങളെ കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു. യുദ്ധം ഒന്നിനും പരിഹാരം കാണില്ലെന്ന് വിശ്വസിക്കുന്നവരാണ് ഇന്ത്യ. യുദ്ധം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നും യുക്രെയ്ൻ, റഷ്യ തുടങ്ങിയ രാജ്യങ്ങളോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി, ജർമൻ ചാൻസലറെ അറിയിച്ചു.
പ്രതിരോധ, സുരക്ഷാ മേഖലകളിൽ വർദ്ധിച്ചു വരുന്ന സഹകരണം ഇന്ത്യ- ജർമനി ബന്ധത്തെ കൂടുതൽ ദൃഢമാക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. തരംതിരിച്ച വിവരങ്ങൾ കൈമാറാനുള്ള ധാരണ ഇരുരാജ്യങ്ങളുടെയും സഹകരണം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇരു രാജ്യങ്ങൾക്കിടയിലുള്ള മറ്റ് ധാരണകൾ ഭീകരവാദ പ്രവർത്തനങ്ങളും വിഘടനവാദ പ്രവർത്തനങ്ങളും തടയിടാൻ സഹായിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ജർമൻ ബിസിനസ് 2024 ന്റെ ഏഷ്യ പസഫിക് കോൺഫറൻസ് ഇരുനേതാക്കളും ചേർന്ന് ഉദ്ഘാടനം ചെയ്തു. യുദ്ധങ്ങളുടെ അനന്തര ഫലങ്ങൾ ഓർക്കേണ്ടത് ലോകത്തിന്റെ കടമയാണെന്നും യുദ്ധ സാഹചര്യങ്ങൾ ഒഴിവാക്കാൻ എല്ലാ രാജ്യങ്ങളും ശ്രമിക്കണമെന്നും 18-ാമത് ഏഷ്യ പസഫിക് കോൺഫറൻസിനെ അഭിസംബോധന ചെയ്ത് ഒലാഫ് ഷോൾസ് പറഞ്ഞു.