പൂനെ ടെസ്റ്റിൽ ഇന്ത്യക്ക് തോൽവി ഭീഷണി, ന്യൂസിലൻഡ് കൂറ്റൻ ലീഡിലേക്ക്. ഇന്ന് സ്റ്റമ്പെടുക്കുമ്പോൾ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് നേടിയ ന്യൂസിലൻഡിന് ഇതുവരെ 301 റൺസിന്റെ ലീഡായി. 86 റൺസ് നേടി ടോം ലാഥത്തിന്റെ ഇന്നിംഗ്സാണ് കിവീസിന് കരുത്തായത്. ഇന്ത്യക്ക് വേണ്ടി വാഷിംഗ്ടൺ സുന്ദർ നാലു വിക്കറ്റ് വീഴ്‌ത്തി. നേരത്തെ ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 103 റൺസ് ലീഡ് വഴങ്ങിയിരുന്നു. ഏഴ് വിക്കറ്റ് വീഴ്‌ത്തിയ മിച്ചൽ സാൻ്റ്നറാണ് ഇന്ത്യയെ ചുരുട്ടിക്കൂട്ടിയത്.
ടോം ലാഥത്തിന്റെയും ബ്ലണ്ടലിന്റെയും 60 റൺസ് കൂട്ടുക്കെട്ടാണ് കിവീസ് ഇന്നിംഗ്സിൽ നിർണായകമായത്. ഇന്നത്തെ മത്സരം അവസാനിക്കുമ്പോൾ 30 റൺസുമായി ടോം ബ്ലണ്ടലും ഗ്ലെൻ ഫിലിപ്സു (9) മാണ് ക്രീസിൽ നിൽക്കുന്നത്. ഡെവോൺ കോൺവെ(17), വിൽ യംഗ് (23), രചിൻ രവീന്ദ്ര(9), ഡാരിൽ മിച്ചൽ(18) എന്നിവരാണ് പുറത്തായ താരങ്ങൾ. രവിചന്ദ്രൻ അശ്വിന് ഒരു വിക്കറ്റ് ലഭിച്ചു.
ഇടം കൈയൻ സ്പിന്നറിന് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 156 ന് പുറത്തായിരുന്നു. 38 റൺസെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. യശസ്വി ജയ്സ്വാൾ(30), ശുഭ്മാൻ ഗിൽ (30) എന്നിവർ മാത്രമാണ് അല്പമെങ്കിലും പിടിച്ചുനിന്നത്. 18 റൺസുമായി വാഷിംഗ്ടൺ സുന്ദർ ക്രീസിലുണ്ടായിരുന്നെങ്കിലും പിന്തുണ നൽകാൻ ആളില്ലായിരുന്നു. വിരാട് കോലി ഒരു റണ്ണിനാണ് പുറത്തായത്.















