പാലക്കാട്: മലമ്പുഴയിൽ ഉരുൾപൊട്ടിയതായി സംശയം. ആനയ്‌ക്കൽ വനമേഖലയ്‌ക്ക് സമീപമാണ് സംഭവം. കല്ലമ്പുഴയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഉച്ചയ്‌ക്ക് ശേഷം പാലക്കാട് ജില്ലയിൽ കനത്ത മഴയാണ് പെയ്തിരുന്നത്. വനമേഖലകളിൽ രണ്ട് മണിക്കൂറോളം തുടർച്ചയായി ശക്തമായ മഴ പെയ്തിരുന്നു. ഇതിന്റെ ഭാഗമായി ആനയ്‌ക്കൽ വനമേഖലയിൽ ഉരുൾപൊട്ടിയെന്ന സംശയമാണ് ഉയരുന്നത്. കല്ലമ്പുഴയിലെ ജലനിരപ്പ് വലിയ തോതിൽ ഉയർന്നിട്ടുണ്ട്. കുത്തിയൊലിച്ചെത്തുന്ന വെള്ളം നിരീക്ഷിച്ചതിൽ നിന്നാണ് ഉരുൾപൊട്ടിയതാകാമെന്ന പ്രാഥമിക സൂചനകളിലേക്ക് എത്തിയത്. ആനയ്‌ക്കൽ മേഖലയിൽ പൊതുവെ വീടുകൾ വിരളമാണ്. എന്നിരുന്നാലും കല്ലമ്പുഴയിലെ ജലനിരപ്പ് ഇനിയും ഉയർന്നാൽ പുഴയോരത്ത് താമസിക്കുന്നവർ സുരക്ഷിത സ്ഥാനത്തേക്ക് മാറേണ്ടതായി വന്നേക്കും.