മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പ് മാമാങ്കത്തിനൊരുങ്ങുന്ന മഹാരാഷ്‌ട്രയിൽ സീറ്റുതർക്കത്തെ തുടർന്ന് മഹാവികാസ് അഘാഡി സഖ്യത്തിൽ അടിപിടി. നിലവിൽ എംവിയെ മുന്നണിയെ മുൾമുനയിൽ നിർത്തുകയാണ് സമാജ്വാദി പാർട്ടിയുടെ ഭീഷണി. എസ്പി സംസ്ഥാന അദ്ധ്യക്ഷനും എംഎൽഎയുമായ അബു അസീം അസ്മിയുടെ ആവശ്യപ്രകാരം അഞ്ച് സീറ്റുകൾ നൽകിയില്ലെങ്കിൽ 25 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തി മത്സരിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്. എസ്പിയുമായി സഹകരിച്ചില്ലെങ്കിൽ മറ്റൊരു ഹരിയാന ഇവിടെ സൃഷ്ടിക്കപ്പെടുമെന്നും അസ്മി എംവിഎ സഖ്യത്തെ ഓർമിപ്പിച്ചു.
മഹാവികാസ് അഘാഡി മുന്നണിയുമായി സീറ്റ് പങ്കിടൽ ചർച്ചകൾ നടത്താൻ എസ്പി നേതാവ് സമീപിച്ചത് അജിത് പവാറിനെയായിരുന്നു. മൻഖുർദ് ശിവാജി നഗർ നിയോജകമണ്ഡലത്തിൽ നിന്ന് മൂന്ന് പ്രാവശ്യം എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട അബു അസീം അസ്മി, തന്റെ ആവശ്യങ്ങൾ ഉന്നയിച്ച് മുംബൈയിലെത്തുകയും ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
കോൺഗ്രസ്, ഉദ്ധവ് പക്ഷം ശിവസേന, ശരദ് പവാർ പക്ഷം നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (NCP) എന്നിവരടങ്ങുന്ന മഹാവികാസ് അഘാഡി സഖ്യത്തിന്റെ ഭാഗമാണ് എസ്പിയും. ശനിയാഴ്ച ഉച്ചയ്‌ക്കുള്ളിൽ എസ്പി ആവശ്യപ്പെട്ട പ്രകാരം എംവിഎ മുന്നണി 5 സീറ്റ് അനുവദിച്ച് നൽകിയില്ലെങ്കിൽ 25 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തുമെന്ന് അബു അസീം അസ്മി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
അഞ്ച് സീറ്റുകൾ ആവശ്യപ്പെട്ടതിൽ രണ്ടിടത്ത് എസ്പിക്ക് സിറ്റിംഗ് എംഎൽഎമാരുണ്ട്. ഇതുകൂടാതെ ഭിവണ്ടി വെസ്റ്റ്, മലേഗാവ്, ധൂലേ സീറ്റുകളാണ് എസ്പിക്ക് വേണ്ടതെന്ന് അസ്മി വ്യക്തമാക്കി. സമാജ്വാദി പാർട്ടിയോട് സഹകരിച്ചില്ലെങ്കിൽ മഹരാഷ്‌ട്ര മറ്റൊരു ഹരിയാന ആകുമെന്നും അദ്ദേഹം പറഞ്ഞു.
നവംബർ 20നാണ് മഹാരാഷ്‌ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. 288 സീറ്റുകളിലേക്കാണ് മത്സരം. നവംബർ 23ന് വോട്ടെണ്ണും.