ന്യൂയോർക്ക്: കശ്മീർ വിഷയത്തിൽ അന്താരാഷ്‌ട്ര വേദികളിൽ തുടർച്ചയായി തെറ്റിദ്ധാരണാജനകമായ പരാമർശങ്ങൾ നടത്തുന്ന പാകിസ്താനെ കടന്നാക്രമിച്ച് ഇന്ത്യ. എക്കാലത്തും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനാണ് പാകിസ്താൻ ശ്രമിക്കുന്നതെന്ന് യുഎന്നിലെ ഇന്ത്യയുടെ പ്രതിനിധിയായ പർവ്വതനേനി ഹരീഷ് തുറന്നടിച്ചു. ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗൺസിൽ ചർച്ചയിൽ ‘ മാറുന്ന അന്തരീക്ഷത്തിൽ സമാധാനം കെട്ടിപ്പടുക്കുന്ന സ്ത്രീകൾ’ എന്ന വിഷയത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” പാകിസ്താനിലെ പരിതാപകരമായ അവസ്ഥകൾ മറച്ചു വയ്‌ക്കാൻ ശ്രമിച്ച് തെറ്റായ വിവരങ്ങൾ പുറത്തുവിടാനാണ് പാകിസ്താൻ പ്രതിനിധിയുടെ ശ്രമം. എന്നാൽ പാകിസ്താനിലെ സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും ഹിന്ദുക്കളുടെയും അവസ്ഥ എന്താണെന്ന് പൊതുസമൂഹത്തിന് നന്നായി അറിയാം. ഹിന്ദുക്കൾക്ക് നേരെയും സിഖുക്കാർക്കെതിരെയും നടത്തുന്ന ആക്രമണങ്ങൾ ലോകം കണ്ടതാണ്. കപടവാദങ്ങൾ നിരത്തിയാൽ ഇത്തരം കാര്യങ്ങൾ മൂടിവയ്‌ക്കാനാകില്ല.”- പർവ്വതനേനി ഹരീഷ് പറഞ്ഞു.
യുഎൻഎസ്‌സി ചർച്ചയ്‌ക്കിടെ പാകിസ്താൻ പ്രതിനിധി ജമ്മുകശ്മീർ വിഷയം ഉയർത്തിയതിന് പിന്നാലെയായിരുന്നു പാകിസ്താനെതിരെ ഇന്ത്യയുടെ കടന്നാക്രമണം. മാറുന്ന അന്തരീക്ഷത്തിൽ സമാധാനം കെട്ടിപ്പടുക്കുന്ന സ്ത്രീകളുടെ പങ്ക് എന്ന വിഷയം ലഭിച്ചതിൽ ഐക്യരാഷ്‌ട്രസഭയോട് നന്ദി പറഞ്ഞുകൊണ്ട് തുടങ്ങിയ അദ്ദേഹം പാകിസ്താനിലെ സ്ത്രീകളുടെ ദയനീയ ജീവിതം തുറന്നുകാട്ടി.
മനുഷ്യാവകാശ കമ്മീഷന്റെ കണക്കുകൾ പ്രകാരം പാകിസ്താനിൽ നിന്നും പ്രതിവർഷം ആയിരത്തോളം സ്ത്രീകൾ തട്ടിക്കൊണ്ടുപോകലിനും ലൈംഗികാതിക്രമങ്ങൾക്കും ഇരയാവുന്നു. ഇവരെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയരാക്കുകയും ചെയ്യുന്നു. ഇതിനുപുറമെ നിർബന്ധിത വിവാഹങ്ങളുടെ എണ്ണവും പാകിസ്താനിൽ കൂടി വരികയാണെന്നും പർവ്വതനേനി ഹരീഷ് വ്യക്തമാക്കി.
സ്ത്രീകളുടെ സുരക്ഷയും സമാധാനവും ഇന്ത്യ ഉറപ്പുവരുത്തുന്നു. സുസ്ഥിര സമാധാനത്തിനായി രാഷ്‌ട്രീയം, നിയമവാഴ്ച, സുരക്ഷാ മേഖല തുടങ്ങി എല്ലാ മേഖലയിലും സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനായി ഇന്ത്യ ശ്രമിക്കുന്നു. സമാധാനം കെട്ടിപ്പടുക്കുന്നതിൽ സ്ത്രീകളുടെ പങ്ക് എത്രത്തോളം വലുതാണെന്ന് ഇന്ത്യക്ക് അറിയാമെന്നും സമൂഹത്തിലെ എല്ലാ തലങ്ങളിലും സ്ത്രീകളുടെ പങ്കാളിത്തം ഭാരതം ഉറപ്പുവരുത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഐക്യരാഷ്‌ട്രസഭയുടെ സമാധാന പരിപാലനത്തിലെ മികച്ച മാതൃകയാണ് ലൈബീരിയയിലും യുഎന്നിലുമുള്ള ഇന്ത്യയിലെ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിച്ചത്. നിലവിൽ 100 ലധികം ഇന്ത്യൻ വനിതാ സമാധാന സേനാംഗങ്ങൾ ലോകമെമ്പാടും സേവനമനുഷ്ഠിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2023ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ സേവനമനുഷ്ഠിച്ച മേജർ രാധിക സെന്നിന് യുഎൻ മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ പുരസ്‌കാരം ലഭിച്ചു. ഇത്തരത്തിൽ ഒട്ടനവധി മേഖലകളിൽ ഇന്ത്യയിലെ സ്ത്രീകൾ പ്രവർത്തിക്കുന്നു.
2023 ൽ ഇന്ത്യ വനിതാ സംവരണ ബിൽ പാസാക്കി. ലോക്‌സഭയിലെയും നിയമസഭയിലെയും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി ഞങ്ങൾ സംവരണം ചെയ്തു. ഇത് സ്ത്രീശാക്തീകരണത്തിന് വഴിയൊരുക്കുന്നു. ഓരോ മേഖലയിലും തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ സ്ത്രീകൾക്കുള്ള പങ്ക് വളരെ വലുതാണ്. അതിനാൽ എല്ലാ മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം ഇന്ത്യ വർദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും പർവ്വതനേനി ഹരീഷ് വ്യക്തമാക്കി.















