ഇന്ത്യക്കായി മാരുതി സുസുക്കിയുടെ അടുത്ത ഏറ്റവും വലിയ കാർ ലോഞ്ചിന് സമയമായി. ഓൾ-ന്യൂ ഡിസയർ കോംപാക്റ്റ് സെഡാനാണ് കമ്പനി ഉടൻ ലോഞ്ച് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. നവംബർ 11 ന് വാഹനം പുറത്തിറക്കും. പുതിയ ഡിസയറിലൂടെ, പ്രീമിയം പാത സ്വീകരിക്കാനാണ് മാരുതി ലക്ഷ്യമിടുന്നത്. പ്രത്യേകിച്ച് ഡിസൈനിന്റെ കാര്യത്തിൽ. സ്വിഫ്റ്റ് ഹാച്ച്ബാക്കിനെ അപേക്ഷിച്ച് വളരെ വ്യത്യസ്തമായി കാണപ്പെടുന്ന കോംപാക്ട് സെഡാന് സവിശേഷമായ ഒരു ഐഡൻ്റിറ്റി നൽകാൻ ഇത് സഹായിക്കും.
നേരത്തെ ലീക്കായ ചിത്രങ്ങൾ പുതിയ ഡിസയറിന്റെ ഡിസൈനിനെക്കുറിച്ച് ചില സൂചനകൾ നൽകിയിരുന്നു. ഒരു ഓഡി-എസ്ക്യൂ നോസ്, ചില ക്രോം ഘടകങ്ങളുള്ള ബ്ലാക്ക്ഡ്-ഔട്ട് തിരശ്ചീനമായി സ്ലാറ്റഡ് ഗ്രിൽ, കറുത്ത ബെസലുകളുള്ള മെലിഞ്ഞ ഹെഡ്‌ലൈറ്റുകൾ, സ്‌പോർട്ടിയായി കാണപ്പെടുന്ന ഫ്രണ്ട് ബമ്പർ എന്നിവ വാഹനത്തിന് നൽകിയേക്കാം. പുതിയ ഡയമണ്ട് കട്ട് അലോയ് വീലുകൾ സ്വിഫ്റ്റിൽ നിന്ന് വ്യത്യസ്തമായിരിക്കും. പുതിയ റാപ്പറൗണ്ട് എൽഇഡി ടെയിൽ ലൈറ്റുകൾക്ക് സ്റ്റൈലിഷ് എൽഇഡി ഔട്ട്‌ലൈനുകൾ ലഭിക്കും.
ഫീച്ചറിന്റെ കാര്യത്തിൽ, പുതിയ ഡിസയറിന് സ്വിഫ്റ്റിനേക്കാൾ കൂടുതൽ സൗകര്യങ്ങൾ നൽകും. പ്രത്യേകിച്ച് സൺറൂഫ്. ഡാഷ്‌ബോർഡിന് ഇളം ഷേഡുകളും പ്രീമിയം ഫീലിനായി അപ്ഹോൾസ്റ്ററിയും ലഭിക്കും. 9 ഇഞ്ച് ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 4.2 ഇഞ്ച് ഡിജിറ്റൽ എംഐഡിയുള്ള അനലോഗ് ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ എന്നിവ ഉൾപ്പെടുന്ന ഫീച്ചറുകൾ പ്രതീക്ഷിക്കാം. പുതിയ ഡിസയറിന് ADAS ലഭിക്കുമെന്നുള്ള റിപ്പോർട്ടുകളും വരുന്നുണ്ട്. കുറഞ്ഞ പക്ഷം ഉയർന്ന വേരിയൻ്റുകളിലെങ്കിലും ഇത് ലഭിക്കും.
സ്വിഫ്റ്റിന്റെ 1.2 ലിറ്റർ, മൂന്ന് സിലിണ്ടർ Z സീരീസ് പെട്രോൾ എഞ്ചിനാണ് പുതിയ ഡിസയറിനും നൽകുക. പെട്രോൾ-സിഎൻജി ഓപ്ഷനുമായും ഇത് വരും. പെട്രോൾ വേരിയൻ്റുകൾക്ക് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ലഭിക്കുമെങ്കിലും, സിഎൻജിയിൽ പ്രവർത്തിക്കുന്നവയ്‌ക്ക് അഞ്ച് സ്പീഡ് മാനുവൽ മാത്രമേ ലഭിച്ചേക്കൂ. നവംബർ പകുതിയോടെ ഡെലിവറികൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. വരും ആഴ്ചകളിൽ പുതിയ ഡിസയറിനായുള്ള ബുക്കിംഗ് മാരുതി ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലെ മോഡലിനെപ്പോലെ, പുതിയ ഡിസയറും ഹ്യുണ്ടായ് ഓറ, ഹോണ്ട അമേസ്, ടാറ്റ ടിഗോർ എന്നിവയ്‌ക്ക് എതിരാളി ആയിരിക്കും. പുതിയ അമേസ് വരും മാസങ്ങളിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും.