ന്യൂഡൽഹി : ലൗ ജിഹാദിനിരയായ യുവതിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി. ഡൽഹി സ്വദേശി സോണി(19) ആണ് കൊല്ലപ്പെട്ടത് . യുവതിയുടെ കാമുകൻ സലീം, സുഹൃത്ത് പങ്കജ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.സലീം സ്വന്തം പേര് മറച്ച് വച്ച് സഞ്ജു എന്ന പേരിലാണ് യുവതിയുമായി അടുത്തത് .
ഏഴുമാസം ഗർഭിണിയായ സോണി സലീമിനോട് തന്നെ വിവാഹംകഴിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു . എന്നാൽ, വിവാഹത്തിന് താത്പര്യമില്ലാതിരുന്ന സലീം യുവതിയോട് ഗർഭഛിദ്രം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇതേച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കർവാ ചൗത്ത് ദിനത്തിൽ യുവതി വ്രതം നോറ്റപ്പോഴും സലീമുമായി വഴക്കുണ്ടായി. കഴിഞ്ഞ തിങ്കളാഴ്ച യുവതി സലീമിനെ കാണാൻ പോയിരുന്നു. തുടർന്ന്, സലീമും രണ്ട് സുഹൃത്തുക്കളും ചേർന്ന് സോണിയെ ഹരിയാനയിലെ റോഹ്തക്കിലേക്ക് കൊണ്ടുപോയി. ഇവിടെ വെച്ച് യുവതിയെ മൂവരും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു.
റോഹ്തക് ജില്ലയിലെ മദീനയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ മുഖത്ത് മൂർച്ചയുള്ള ആയുധങ്ങൾ കൊണ്ടുള്ള പാടുകളും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ ആഴത്തിലുള്ള മുറിവുകളും കണ്ടെത്തി. റോഹ്തക് പോലീസും എഫ്എസ്എൽ സംഘവും സാമ്പിളുകൾ ശേഖരിച്ച് മൃതദേഹം നംഗ്ലോയ് പോലീസിന് കൈമാറി. പെൺകുട്ടിയെ മർദിച്ച ശേഷം മൊബൈൽ ഫോൺ ചാർജർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സാമൂഹ്യമാധ്യമങ്ങളിൽ വളരെ സജീവമായിരുന്നു സോണി . ഇൻസ്റ്റഗ്രാമിൽ 6000-ത്തിലധികം ഫോളോവേഴ്സുമുണ്ടായിരുന്നു. ഒന്നര വർഷം മുൻപാണ് സഞ്ജു എന്ന പേരിൽ സലീം സോണിയെ പ്രണയക്കെണിയിൽ കുടുക്കിയത് . ഈ ബന്ധം വീട്ടുകാർ വിലക്കിയെങ്കിലും പിന്മാറാൻ സോണി തയ്യാറായില്ല .
മകൾ ഗർഭിണിയാണെന്നറിഞ്ഞതോടെ വിഷമത്തിലായ മാതാപിതാക്കളോട് സലീം തന്നെ വിവാഹം കഴിക്കുമെന്നാണ് സോണി പറഞ്ഞിരുന്നത്. സഞ്ജുവിനെ ഞങ്ങൾ ഹിന്ദുവായി കണക്കാക്കി. അതുകൊണ്ടാണ് വിവാഹത്തിന് സമ്മതിച്ചതെന്നും വീട്ടുകാർ പറഞ്ഞു.