ലാൻഡ് ക്രൂയിസറിന്റെ ഏറ്റവും വലിയ എതിരാളിയായി നിസാൻ പട്രോൾ 2026-ഓടെ ഇന്ത്യയിലെത്തിയേക്കുമെന്ന് റിപ്പോർട്ട്. നിസാൻ പട്രോളിന്റെ ഏറ്റവും പുതിയ തലമുറ നിലവിൽ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് വിപണികളിൽ മാത്രമാണ് വിൽക്കുന്നത്. എന്നിരുന്നാലും, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ജപ്പാൻ തുടങ്ങിയ വിപണികളിൽ എസ്‌യുവിയുടെ ആവശ്യം വർദ്ധിക്കുന്നതിനാൽ ഒരു റൈറ്റ്-ഹാൻഡ് ഡ്രൈവ് പതിപ്പ് നിർമ്മാണത്തിലിരിക്കുകയാണ്.
അന്താരാഷ്‌ട്ര വിപണിയിൽ, പട്രോൾ രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. 312 ബിഎച്ച്പിയും 386 എൻഎം ടോർക്കും നൽകുന്ന 3.8 ലിറ്റർ വി6, 419 ബിഎച്ച്പിയും 700 എൻഎം ടോർക്കും നൽകുന്ന 3.5 ലിറ്റർ ട്വിൻ ടർബോ വി6. രണ്ട് എഞ്ചിനുകളും 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു.
ഇന്ത്യ-സ്പെക്ക് പട്രോളിന് 3.5 ലിറ്റർ ട്വിൻ ടർബോ വി6 ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ, നിസാന്റെ ഹാലോ ഉൽപ്പന്നമായി പട്രോൾ പ്രവർത്തിക്കും. വരാനിരിക്കുന്ന ടൊയോട്ട ലാൻഡ് ക്രൂയിസർ പ്രാഡോയ്‌ക്ക് എതിരാളി ആയിരിക്കും ഈ വാഹനം. എസ്‌യുവിക്ക് ഒരു കോടി രൂപയിലധികം ചെലവ് വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.