കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിനിടയാക്കിയ അഴിമതി ആരോപണം ഉന്നയിച്ച പ്രശാന്തന് സസ്പെൻഷൻ. പെട്രോൾ പമ്പിന് അപേക്ഷിക്കുന്നതിന്റെ ഭാഗമായി എതിർപ്പില്ലാരേഖ (NOC) നൽകാൻ നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉന്നയിച്ച പ്രശാന്തൻ ആരോഗ്യവകുപ്പിലാണ് ജോലി ചെയ്തിരുന്നത്. പരിയാരം മെഡിക്കൽ കോളേജിൽ ഇലക്ട്രിക്കൽ വകുപ്പിൽ ജോലി ചെയ്തിരുന്ന പ്രശാന്തനെ ജോലിയിൽ നിന്ന് പുറത്താക്കാത്തതിൽ കടുത്ത വിമർശനം ഉയർന്നിരുന്നു. പ്രതിഷേധം കനത്തതോടെയാണ് ഇയാളെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.
ആരോഗ്യവകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് സസ്പെൻഷൻ നടപടി. അഡീഷണൽ ചീഫ് സെക്രട്ടറിയും ജോയന്റ് ഡിഎംഇയും ചേർന്നായിരുന്നു പ്രശാന്തനെതിരെ അന്വേഷണം നടത്തിയത്. ജോലിയിൽ നിന്ന് പിരിച്ചുവിടൽ അടക്കമുള്ള നടപടി പിന്നീടുണ്ടാകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
നവീൻ ബാബുവിന്റെ മരണത്തിന് ശേഷം പരിയാരം മെഡിക്കൽ കോളേജിലേക്ക് പ്രശാന്ത് ജോലിക്ക് എത്തിയിരുന്നില്ല, ഇത് അനധികൃത അവധിയാണ്, പെട്രോൾ പമ്പ് തുടങ്ങാൻ ശ്രമിച്ചത് ചട്ടലംഘനമാണ് എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രശാന്തനെതിരെ നടപടി സ്വീകരിച്ചത്.
പരാതിക്കാരനായ പ്രശാന്തൻ, കൈക്കൂലി കൊടുത്തുവെന്ന് തെളിയിക്കുന്ന യാതൊരു രേഖയും ഇതുവരെ സമർപ്പിച്ചിട്ടില്ല, ഇക്കാര്യങ്ങൾ സംബന്ധിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിക്കാനും തയ്യാറായിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിന് സമർപ്പിച്ചതായി പറയപ്പെടുന്ന കൈക്കൂലിപ്പരാതി വ്യാജമായി നിർമിച്ചതാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. പരാതിയിൽ എഴുതിയ കുറിപ്പ്, പേര്, ഒപ്പ് എന്നിവയിലെ വൈരുദ്ധ്യമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ പ്രശാന്തനെതിരെ വിമർശനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സസ്പെൻഷൻ നടപടി സ്വീകരിക്കാൻ ആരോഗ്യവകുപ്പ് നിർബന്ധിതരായത്.
ഒക്ടോബർ 15ന് നവീൻ ബാബു ജീവനൊടുക്കിയതിന് തൊട്ടുപിന്നാലെ പരാതിക്കാരനായ പ്രശാന്തനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഒടുവിൽ പത്ത് ദിവസത്തിന് ശേഷമാണ് ഇക്കാര്യത്തിൽ അനുകൂല സമീപനം ആരോഗ്യ വകുപ്പ് സ്വീകരിച്ചത്.















