തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് കാരണക്കാരിയായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ പിണറായിയുടെ പൊലീസ് സംരക്ഷിക്കുകയാണെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. പത്ത് വർഷം തടവും പിഴയും ലഭിക്കേണ്ട വ്യക്തിയാണ് പി പി ദിവ്യയെന്നും അവർക്കാണ് പാർട്ടിയും പൊലീസും സംരക്ഷണകവചം ഒരുക്കുന്നതെന്നും മുരളീധരൻ വിമർശിച്ചു. വി മുരളീധരന്റെ യൂട്യൂബ് ചാനലിൽ വിഎം ടോക്സ് എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“മനുഷ്യനെ നാവ് കൊണ്ടും വാൾ കൊണ്ടും അരിഞ്ഞ് വീഴ്‌ത്തുന്ന സ്ഥിതിയാണ് ഇന്ന് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. നവീൻ ബാബു മരിച്ച് 10 ദിവസം കഴിഞ്ഞിട്ടും പി പി ദിവ്യയെ ചോദ്യം ചെയ്യാനോ അവരെ കണ്ടെത്താനോ പൊലീസ് കൂട്ടാക്കുന്നില്ല. നവീൻ ബാബുവിന്റെ കുടുംബത്തെ കാണാൻ പോലും കേരളത്തിന്റെ മുഖ്യമന്ത്രിയ്‌ക്ക് കഴിയാത്തത് എന്താണ്. അവരുടെ മുഖത്ത് നോക്കാനുള്ള ധൈര്യം ഇല്ലാത്തത് കൊണ്ടായിരിക്കും പിണറായി അവിടേക്ക് പോകാത്തത്.
പിണറായി വിജയൻ വലിയ ഡയലോഗുകളൊക്കെ പറയുന്നുണ്ട്. എന്നാൽ അവിടെ പോയി കുടുംബത്തെ കാണാൻ അദ്ദേഹത്തിന് കഴിയുന്നില്ല. മാസ് ഡയലോഗുകളല്ല ജനങ്ങൾക്ക് വേണ്ടത്, പ്രതികളായ ആളുകളെ പിടിച്ച് ജയിലിലടക്കണം. പാർട്ടി തന്നെയാണ് പ്രതികളെ സംരക്ഷിക്കുന്നത്”.
കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ യൂണിഫോം അഴിച്ച് വെറെ ഏതെങ്കിലും ജോലിയ്‌ക്ക് പോകണം. നട്ടെല്ലില്ലാത്ത ഉദ്യോഗസ്ഥനെയാണ് കേസ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്. പി പി ദിവ്യയെ പിണറായിയുടെ പൊലീസ് നാളെ പാവം പാവം ദിവ്യയെന്ന് പറയുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. അവസാനം ദിവ്യയ്‌ക്ക് നവീൻ ബാബുവിന്റെ മരണവുമായി യാതൊരു ബന്ധവുമില്ലെന്ന റിപ്പോർട്ടായിരിക്കും വരാൻ പോകുന്നത്. കാട്ടാളന്മാരുടെ ഹൃദയമുള്ള നേതാക്കൾ നയിക്കുന്ന പാർട്ടിയാണ് കമ്യൂണിസ്റ്റ് പാർട്ടിയെന്നും വി മുരളീധരൻ വിമർശിച്ചു.















