പാലക്കാട്: ഷാഫി പറമ്പിലിന് അനുകൂലമായി ഇ ശ്രീധരനെ തോൽപിക്കാൻ നടത്തിയ വോട്ട് കച്ചവടത്തെക്കുറിച്ച് പി സരിന്റെ വെളിപ്പെടുത്തലും എകെ ബാലന്റെ കുറ്റസമ്മതവും പാലക്കാട്ടെ ജനങ്ങൾ ചർച്ച ചെയ്യേണ്ട കാര്യമാണെന്ന് കെ സുരേന്ദ്രൻ. മുഖ്യധാരാ മാദ്ധ്യമങ്ങൾ ഈ വിഷയം തമസ്‌കരിക്കുകയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പാലക്കാട് പറഞ്ഞു.
എൽഡിഎഫിന്റെയും യുഡിഎഫിന്റെയും സ്ഥാനാർത്ഥികൾ തമ്മിൽ എന്ത് വ്യത്യാസമാണ് ഉളളത്. ഞങ്ങൾക്ക് കിട്ടേണ്ട വോട്ടുകൾ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് നൽകിയെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി പറയുന്നു. സിപിഎം നേതാവായ എ.കെ ബാലൻ അത് കുറച്ചുകൂടി പരിഷ്‌കരിച്ചു പറഞ്ഞു. ഞങ്ങൾക്ക് കിട്ടേണ്ട സെക്കുലർ വോട്ടുകൾ യുഡിഎഫിന് കിട്ടിയെന്ന് ആയിരുന്നു ബാലന്റെ വാക്കുകൾ.
ഏതാണ് സെക്കുലർ വോട്ട്. സ്വന്തം ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രത്തിന് ഉറച്ച് വിശ്വസിച്ച് വോട്ട് ചെയ്തവർ സെക്കുലർ അല്ല. ഷാഫി പറമ്പിലിന്റെ മതംനോക്കി വോട്ട് മാറി ചെയ്തവരുടേത് സെക്കുലർ വോട്ട്. അതെന്ത് ന്യായമാണെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. ഇ ശ്രീധരനെ പരാജയപ്പെടുത്താൻ മതം നോക്കി വോട്ട് ചെയ്തവർ വിശുദ്ധൻമാർ. അവർ സെക്കുലർ വോട്ടർമാരാണ്. എന്തുകൊണ്ട് ഈ വിഷയത്തിൽ മറുപടി നൽകാൻ രണ്ട് മുന്നണികളും തയ്യാറാകുന്നില്ല. എൽഡിഎഫിന്റെ അരിവാൾ ചുറ്റികയ്‌ക്ക് വോട്ട് ചെയ്തവർ ആരായി മാറിയെന്നും കെ സുരേന്ദ്രൻ ചോദിച്ചു.
ഈ തെരഞ്ഞെടുപ്പിലും കേരളത്തിലെ വികസന പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നില്ല. കേരളത്തിലെ ഏറ്റവും ഭീകരമായ തൊഴിലില്ലായ്മ യുഡിഎഫ് ചർച്ച ചെയ്യുന്നില്ല. സംസ്ഥാനത്ത് 17 ശതമാനം ജനസംഖ്യയുളള ക്രൈസ്തവ സമൂഹത്തിലെ എല്ലാ സഭകളും ഒറ്റ സ്വരത്തിൽ ആവശ്യപ്പെട്ട വിഷയമാണ് വഖഫ് നിയമവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ. പക്ഷെ എൽഡിഎഫും യുഡിഎഫും ചേർന്ന് ഐകകണ്‌ഠേന നിയമസഭയിൽ പ്രമേയം പാസാക്കി.
ക്രൈസ്തവ സമൂഹം ഉയർത്തിയ ആശങ്കയെക്കുറിച്ച് പ്രമേയത്തിൽ ഒരു വരി പോലും എൽഡിഎഫും യുഡിഎഫും സംസാരിച്ചില്ല കേരളത്തിൽ ആചരിക്കപ്പെടുന്ന മതേതരത്വം പച്ചയായ വർഗീയതയാണെന്നും കെ സുരേന്ദ്രൻ തുറന്നടിച്ചു. വോട്ട് ബാങ്ക് രാഷ്‌ട്രീയമാണ്. അതിനെ ഉപയോഗിച്ച് തെരഞ്ഞെടുപ്പിൽ വിജയിക്കുകയും ജനങ്ങളുടെ പ്രശ്‌നങ്ങൾ തമസ്‌കരിക്കുകയുമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതാണ് തൃശൂരിൽ ജനങ്ങൾ പരാജയപ്പെടുത്തിയതെന്നും അത് തന്നെയാണ് പാലക്കാടും ചേലക്കരയിലും വയനാടും ഉപതെരഞ്ഞെടുപ്പുകളിലും സംഭവിക്കുകയെന്നും കെ സുരേന്ദ്രൻ പറഞ്ഞു.