ആലപ്പുഴ: പീഡനപരാതിയിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ കേസെടുത്ത സിഐയ്ക്ക് സ്ഥലമാറ്റം. ആലപ്പുഴ നോർത്ത് സിഐയാണ് സ്ഥലം മാറ്റിയത്. മൂന്ന് മാസം മുൻപാണ് ആലപ്പുഴ നോർത്ത് സ്റ്റേഷനിലെ ഹൗസ് ഓഫീസറായി ചുമതലയേറ്റ സിഐ എസ് അജികുമാറിനെയാണ് എറണാകുളം രാമമംഗലത്തേക്ക് അകാരണമായി സ്ഥലം മാറ്റിയത്. സിപിഎം പുന്നമട ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്എം ഇക്ബാലിനെതിരായ പീഡനപരാതിയിൽ കേസെടുത്തതിലെ പ്രകോപനമാണ് സ്ഥലമാറ്റത്തിന് പ്രധാന കാരണം.
സിപിഎം ബ്രാഞ്ച് അംഗം കൂടിയായ വീട്ടമ്മ പാർട്ടി ഓഫീസിൽ വച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി നോർത്ത് സ്റ്റേഷനിൽ നൽകിയിരുന്നു. പരാതിയിൽ കേസെടുക്കാതിരിക്കാൻ ഇൻസ്പെക്ടർക്ക് മേൽ സമ്മർദ്ദമുണ്ടായെങ്കിലും ഒടുവിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പരാതിക്കാരിയുടെ മൊഴിയെടുത്തു. എന്നാൽ പ്രതിച്ചേർക്കപ്പെട്ട ഇക്ബാലിനെ അറസ്റ്റ് ചെയ്തിരുന്നില്ല. സമരത്തിനിടെ സിപിഎം, സിപിഐ നേതാക്കളെ മർദ്ദിച്ചെന്ന ആരോപണവും വിവാദമായിരുന്നു.
ആഴ്ചകൾക്ക് മുൻപ് കുടിവെള്ള പ്രശ്നം ആരോപിച്ച് വാട്ടർ അതോറിറ്റി ഓഫീസിലേക്ക് ആര്യാട് ഗ്രാമപഞ്ചായത്തിലെ സിപിഎം-സിപിഐ പഞ്ചായത്തംഗങ്ങൾ ധർണ നടത്തിയിരുന്നു. ഇതിനിടയിൽ ഇൻസ്പെക്ടർ ബലം പ്രയോഗിച്ച് പഞ്ചായത്ത് പ്രസിഡൻ്റിനെയും മറ്റ് അംഗങ്ങളെയും മാറ്റിയെന്നാരോപിച്ച് മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിരുന്നു. ലഹരിക്കടത്ത് കേസിൽ ആരോപണവിധേയനായ സിപിഎം മുൻ ഏരിയ കമ്മിറ്റി അംഗത്തിന്റെ മണൽലോറികൾ പിടികൂടിയതും പാർട്ടി നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികാര നടപടി.