കൊച്ചി: വഖഫ് അധിനിവേശം തെരഞ്ഞെടുപ്പ് ചർച്ചയാക്കണമെന്ന ഉറച്ചനിലപാടിൽ ക്രൈസ്തവ സമൂഹം. ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ മുനമ്പം വിഷയത്തിൽ നിലപാട് വ്യക്തമാക്കമെന്നാണ് ജനകീയ സമരത്തിന് നേതൃത്വം നൽകുന്ന ക്രൈസ്ത പുരോഹിതർ ആവശ്യപ്പെടുന്നത്.
ഭരണഘടനയ്‌ക്ക് മുകളിലാണോ ശരിയത്ത് നിയമമെന്ന ചോദ്യത്തിന് മറുപടി നൽകാൻ സമരത്തോട് മുഖം തിരിച്ചു നിൽക്കുന്ന എൽഡിഎഫ് – യുഡിഎഫ് മുന്നണി സ്ഥാനാർത്ഥികൾ ബാധ്യസ്ഥരാണെന്ന് സമരത്തിന് നേതൃത്വം നൽകുന്ന പുരോഹിതർ ചോദിക്കുന്നു. ഭരണഘടനയ്‌ക്ക് മുകളിൽ ശരിയത്ത് നിയമത്തെ പ്രതിഷ്ഠിച്ചിരിക്കുന്ന വഖഫ് ആക്ട് ഭേദഗതി ചെയ്യണമെന്ന് സ്ഥാനാർത്ഥികൾ ആവശ്യപ്പെടില്ലേയെന്ന് ഫാ.ജോഷി മയ്യാറ്റിൽ ചോദിച്ചു.
മുനമ്പം അധിനിവേശത്തിൽ സ്ഥാനാർത്ഥികൾ നിലപാട് വ്യക്തമാക്കണമെന്നും, ഭരണഘടനയും, മതേതരത്വവും ഉയർത്തിക്കാണിക്കാൻ സ്ഥാനാർത്ഥികൾ തയ്യാറാകണമെന്നും പുരോഹിതർ ആവശ്യപ്പെട്ടു. ശരിയത്ത് നിയമത്തിന് അനുകൂല നിലപാടുകൾ മാത്രമാണ് വഖഫ് നിയമത്തിൽ പാലിക്കപ്പെടുന്നതെന്ന് സഭാ നേതൃത്വങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
വഖഫ് ട്രൈബ്യൂണലിന് സിവിൽ കോടതിയുടെ സമാനത നൽകിയിരിക്കുകയാണ്. ഒരു വസ്തു വഖഫ് സ്വത്ത് അല്ലെന്ന് വഖഫ് ബോർഡിന് അറിയാമെങ്കിൽ പോലും അത് വഖഫാണെന്ന് പറഞ്ഞ് സ്ഥലം കയ്യേറാൻ ശ്രമിക്കുകയാണ്. മുനമ്പത്ത് നീതി നിഷേധിക്കപ്പെടുകയാണ് ജനങ്ങൾ ആരോപിക്കുന്നു. സഭാ നേതൃത്വത്തിന്റെ ചോദ്യങ്ങളിൽ നിന്ന് സ്ഥാനാർത്ഥികൾ ഒളിച്ചോടിയാൽ മുന്നണി നേതൃത്വങ്ങൾ മറുപടി പറയേണ്ടി വരുമെന്നും സമരക്കാർ മുന്നറിയിപ്പ് നൽകുന്നു.
വഖഫ് ബോർഡ് അധിനിവേശ നീക്കങ്ങൾ വ്യക്തമായിട്ടും മുനമ്പം- ചെറായി മേഖലയിലെ ജനങ്ങളോട് യാതൊരു സഹാനുഭൂതിയും, അനുകമ്പയും പ്രകടിപ്പിക്കാതെ സംഘടിത വോട്ടു ബാങ്കിനായി യുഡിഎഫ് – എൽഡിഎഫ് നിശബ്ദത തുടരുകയാണെന്നും ക്രൈസ്തവ സമൂഹം ആരോപിക്കുന്നു.