ഫലവർഗങ്ങൾ കഴിക്കുന്നത് ആരോഗ്യദായകമാണ്. എന്നാൽ ഇത് കഴിക്കുന്നതിന് ചില നേരവും കാലവുമൊക്കെയുണ്ട്. ആപ്പിളും മുന്തിരിയും ഓറഞ്ചുമൊക്കെ നല്ലതാണെന്ന് കരുതി വെറുംവയറ്റിൽ കഴിക്കരുത്. ദഹനവ്യവസ്ഥ ഉൾപ്പടെ പലതിനെയും ഇത് പ്രതികൂലമായി ബാധിക്കും. ഇത്തരത്തിൽ വെറുംവയറ്റിൽ കഴിക്കാൻ പാടില്ലാത്ത പഴങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.
ആപ്പിൾ
ഫൈബർ ധാരാളമടങ്ങിയ ആപ്പിൾ വെറുംവയറ്റിൽ കഴിച്ചാൽ ചിലപ്പോൾ വയറുവേദന, ഗ്യാസ്, മറ്റ് അസ്വസ്ഥതകൾ എന്നിവ അനുഭവപ്പെട്ടേക്കാം. സെൻസിറ്റീവായ ശരീരപ്രകൃതമുള്ളവർക്ക് പെട്ടെന്ന് സുഖമില്ലാതെ ആവുകയും ചെയ്തേക്കാം.
മുന്തിരി
പ്രകൃതിദത്തമായ ഷുഗർ ധാരാളം അടങ്ങിയ മുന്തിരി വെറുംവയറ്റിൽ കഴിച്ചാൽ ചിലപ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് പൊടുന്നനെ വർദ്ധിച്ചേക്കാം. മാത്രവുമല്ല ദഹനവ്യവസ്ഥയേയും ബാധിച്ചേക്കാം.
പപ്പായ
പപ്പൈൻ എന്ന ഘടകം ഇതിൽ അടങ്ങിയിട്ടുണ്ട്. പ്രോട്ടീനെ വിഘടിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന എൻസൈം ആണിത്. അതുകൊണ്ട് തന്നെ ഇത് വെറുംവയറ്റിൽ കഴിക്കരുത്. ചിലരുടെ വയറിന് അസ്വസ്ഥത അനുഭവപ്പെട്ടേക്കാം.
സിട്രസ് പഴങ്ങൾ
അസിഡിക് സ്വഭാവമുള്ള സിട്രസ് പഴങ്ങളായ ഓറഞ്ച്, നാരങ്ങ, ചെറുനാരങ്ങ എന്നിവ വെറുംവയറ്റിൽ കഴിക്കുന്നത് നെഞ്ചരിച്ചിലിന് കാരണമാകാം. ചിലപ്പോൾ ദഹനവും പ്രതിസന്ധിയിലാകാം. ചിലരിൽ വയറുവേദനയ്‌ക്കും ഇടയാക്കും.
തണ്ണിമത്തൻ
ഫ്രൂക്ടോസ് ധാരാളം അടങ്ങിയ, വേണ്ടുവോളം മധുരമുള്ള, വിറ്റമിൻ സി എന്ന പോഷകത്താൽ സമ്പന്നമായ ഫലമാണ് തണ്ണിമത്തൻ. ഇത് വെറുംവയറ്റിൽ കഴിക്കുന്നത് ചിലരിൽ ഓക്കാനത്തിന് കാരണമാകും. മറ്റ് ചിലരിൽ ദഹനവ്യവസ്ഥ തന്നെ താളം തെറ്റിയേക്കാം.
നേന്ത്രപ്പഴം
പ്രകൃതിദത്ത ഷുഗർ ധാരാളം അടങ്ങിയ വാഴപ്പഴം വെറുംവയറ്റിൽ കഴിച്ചാൽ പ്രമേഹരോഗികളിൽ ഷുഗർ പെട്ടെന്ന് ഉയരാൻ സാധ്യതയുണ്ട്.
പഴുക്കാത്ത മാമ്പഴം
പഴുക്കാത്ത മാങ്ങയിൽ ധാരാളം ആസിഡുകളും ഫൈബറുകളുമുണ്ട്. മധുരത്തേക്കാൾ ഉപരി പുളിയായിരിക്കും സ്വാദ്. അതുകൊണ്ട് തന്നെ അസിഡിക് അംശം കൂടുതലായിരിക്കും. ഇത്തരം മാങ്ങകൾ വെറുംവയറ്റിൽ കഴിക്കുന്നത് ഗ്യാസിനും ബ്ലോട്ടിംഗിനും കാരണമാകും. വയറിനുള്ളിൽ അസ്വസ്ഥതയും അനുഭവപ്പെട്ടേക്കാം.